ബി.എസ് 6 വില്‍പ്പനക്കൊയ്ത്ത്: മുന്‍തൂക്കം ഉറപ്പാക്കി മാരുതി

ഏപ്രില്‍ ഒന്നു മുതല്‍ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ് 6 പ്രാബല്യത്തിലാകാനിരിക്കേ മികച്ച വില്‍പ്പനക്കൊയ്ത്തുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അഞ്ചു ലക്ഷം ബിഎസ്6 വാഹനങ്ങളാണ് കഴിഞ്ഞ 10 മാസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്തിയത്.

2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ രണ്ട് ലക്ഷം ബിഎസ്6 വാഹനങ്ങള്‍ നിരത്തിലെത്തിച്ചു മാരുതി. ബലേനൊ, ആള്‍ട്ടോ 800 എന്നീ വാഹനങ്ങളിലാണ് മാരുതി ആദ്യമായി ബിഎസ്-6 എന്‍ജിന്‍ നല്‍കിയത്, 2019 ഏപ്രിലില്‍. അതായത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന സമയത്തിന് ഒരുവര്‍ഷം മുമ്പുതന്നെ ഈ രണ്ടുവാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറി. മറ്റു ബ്രാന്‍ഡുകളും പരിഷ്‌കരണത്തിനു സന്നദ്ധമായെങ്കിലും ഇതുവരെ വലിയ നേട്ടം കൊയ്തത് മാരുതി സുസുക്കി തന്നെ.

ഇതിനുപിന്നാലെ 2019 ജൂണില്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങളും ജൂലൈയില്‍ എര്‍ട്ടിഗയും ഓഗസ്റ്റില്‍ എക്സ്എല്‍-ഉം സെപ്റ്റംബറില്‍ എസ്-പ്രെസോയും എത്തി.ഈ മാസം ആരംഭത്തില്‍ തന്നെ മാരുതി ഇക്കോയിലും സെലേറിയോയിലും ബിഎസ്-6 എന്‍ജിന്‍ സ്ഥാനം പിടിച്ചു. 75 ശതമാനം പെട്രോള്‍ മോഡലുകളാണ് ബിഎസ്6 -നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചത്.

മാരുതി ബ്രെസ, എസ്-ക്രോസ്, ആള്‍ട്ടോ കെ10, സെലേറിയോ എക്സ്, ഇഗ്‌നീസ് എന്നീ വാഹനങ്ങളാണ് ഇനി ബിഎസ്6ലേക്ക് മാറാനുള്ളത്. ഇതില്‍, ഇഗ്‌നീസ്, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ബിഎസ്6 പതിപ്പ് ഉടന്‍ നിരത്തിലെത്തും.നിലവില്‍ ബിഎസ്6 നിരയില്‍ തങ്ങളുടെ പത്ത് മോഡലുകള്‍ വില്‍പ്പനയ്ക്ക് സജ്ജമാണെന്നും കമ്പനി അറിയിച്ചു. ബിഎസ്-6 എന്‍ജിനിലുള്ള എസ്-ക്രോസിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

'ഞങ്ങള്‍ നല്‍കിയ ബിഎസ്-6 സാങ്കേതികവിദ്യ നേരത്തെ സ്വീകരിച്ചതിന് ഉപഭോക്താക്കള്‍ക്ക് നന്ദി. ഈ നേട്ടം ഇന്ത്യയിലെ പുതിയ എഞ്ചിനുകളുടെയും സാങ്കേതികവിദ്യകളുടെയും വളര്‍ച്ചാ സാധ്യതയെ ഊട്ടിയുറപ്പിക്കുന്നു.ശുദ്ധവും ഹരിതവുമായ അന്തരീക്ഷത്തിനായുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോടു ഞങ്ങള്‍ക്കു പ്രതിബദ്ധതയുണ്ട്.'-എംഎസ്ഐഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ബിഎസ്4 ല്‍ നിന്നും ബിഎസ്6 എഞ്ചിനിലേക്കുള്ള ചുവടുമാറ്റം.നിര്‍ബന്ധിത എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമ്പോള്‍ 2020 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ബിഎസ്-6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it