കാര്‍ വാങ്ങേണ്ട, സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതിയും

വലിയ തുക നല്‍കി കാര്‍ എന്തിന് വാങ്ങണം? വാടകയ്ക്ക് എടുത്താല്‍ പോരേ? സ്വന്തമായി ഉപയോഗിക്കുകയും ചെയ്യാം. പുതിയ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി ഇന്ത്യയും. വെഹിക്കിള്‍ ലീസ് സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
'മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്' എന്ന ബ്രാന്‍ഡിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഇതിനായി ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ലിമിറ്റഡുമായാണ് മാരുതി പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്.
തുടക്കത്തില്‍ ഗുരുഗ്രാമിലും ബംഗലൂരുവിലുമാണ് സേവനം ലഭ്യമാകുന്നത്. മാരുതിയുടെ സ്വിഫ്റ്റ് ഡിസയര്‍, വിതാര ബ്രെസ്സ, എര്‍ട്ടിഗ എന്നിവ മാരുതിയുടെ അരീന ചാനലില്‍ നിന്നും ബലീനോ, സിയാസ്, എക്‌സ് എല്‍ 6 എന്നിവ നെക്‌സ ചാനലില്‍ നിന്നും തുടക്കത്തില്‍ ലഭ്യമാകും.
വില്‍പ്പനയിടിവിനെ നേരിടാന്‍ വാഹനനിര്‍മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ലീസിംഗ് പദ്ധതിയും. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു. അതുപോലെ എംജി മോട്ടോര്‍ ഇന്ത്യയും മൈല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്ന് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷം മെയിലാണ് ഫോക്‌സ്‌വാഗണ്‍ കാര്‍ ലീസിംഗ് പദ്ധതി അവതരിപ്പിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline