എം.ജിയുടെ ഇസഡ് എസ് എത്തി; വില 20 ലക്ഷം

മോറിസ് ഗാരേജസ് (ഇന്ത്യ) മോട്ടോഴ്സ് രണ്ട് വേരിയന്റുകളിലായി ഇസഡ്എസ് ഇലക്ട്രിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്സൈറ്റ്, എക്സ്‌ക്ല്യുസീവ് വേരിയന്റുകളുടെ എക്സ്ഷോറൂം വില 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെ. നേരത്തെ ബുക്കു ചെയ്തവര്‍ക്ക് മാത്രമാണ് ഈ വില. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ കൂടി അധികമായി നല്‍കണം.
ഡിസംബര്‍ 21 മുതല്‍ ആരംഭിച്ച ബുക്കിംഗ് 2,300 യൂണിറ്റ് റെക്കോര്‍ഡ് മറികടന്നിരുന്നു. ഇത് 2019 -ലെ ഇന്ത്യന്‍ വിപണിയിലെ മുഴുവന്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയേക്കാള്‍ കൂടുതലാണ്. ഇതോടെ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.വന്‍ നഗരങ്ങളില്‍ മാത്രമേ വാഹനം ആദ്യം വില്‍പ്പനയ്ക്കെത്തൂ.
ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.
44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററിയാണ് വാഹനത്തിലേത്. 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്. 155 കിലോമീറ്ററാണ് പരമാവധി വേഗത.അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും.
ഹെക്ടറിന് പിന്നാലെ എംജി മോട്ടാര്‍ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‌യുവിയില്‍ എംജിയുടെ കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാമുണ്ട്. രാജ്യത്ത് കമ്പനിയുടെ രണ്ടാമത്തെ വാഹനമാണിത്.പുതിയ വാഹനത്തില്‍ ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഒമേഗ ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ഘടകങ്ങള്‍ പതിപ്പിച്ച കോണ്‍കേവ് ഗ്രില്ല്, ചാര്‍ജിംഗ് പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സ്‌റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്നു ഇന്റീരിയര്‍. കറുപ്പാണ് ഇന്റീരിയറിന്റെ നിറം. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമാകും.ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സുരക്ഷയൊരുക്കും.
4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമുള്ള ഈ വാഹനം കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് എത്തുക. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. ഇന്ത്യന്‍ നിരത്തുകളില്‍ നിലവില്‍ ഹ്യുണ്ടായിയുടെ കോന മാത്രമാണ് ഈ വാഹനത്തിന് എതിരാളി.
വാഹനത്തിന്റെ ഡെലിവറിക്കു മുന്നോടിയായി ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും 10 ഡിസി ഇലക്ട്രിക് ചാര്‍ജറുകള്‍ അടുത്തിടെ കമ്പനി സ്ഥാപിച്ചിരുന്നു. തിരഞ്ഞെടുത്ത എംജി ഡീലര്‍ഷിപ്പുകളില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്കും കമ്പനി ഒരുക്കും. തിരഞ്ഞെടുത്ത സാറ്റലൈറ്റ് നഗരങ്ങളിലും പ്രധാന റൂട്ടുകളിലും എംജി ഡീലര്‍ഷിപ്പുകളിലുടനീളം വിപുലീകൃത ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കാനും വാഹന നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline