പുതിയ ഹ്യുണ്ടായ് ക്രെറ്റ അവതരിപ്പിച്ചു, മാര്‍ച്ചില്‍ എത്തും

ഒന്നാം തലമുറ ക്രെറ്റ 2015ലാണ് വിപണിയിലെത്തുന്നത്. അന്നുമുതല്‍ മിഡ് സൈസ് എസ്.യു.വി രംഗത്ത് നേതൃസ്ഥാനമാണ് ഈ വാഹനത്തിനുള്ളത്. എങ്കിലും എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകളുടെ വരവോടെ ക്രെറ്റയുടെ വിപണിവിഹിതത്തിന്റെ നല്ലൊരു ശതമാനം നഷ്ടമായി. പുതിയ ക്രെറ്റയുടെ വരവോടെ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

എക്സ്റ്റീരിയറില്‍ വരുത്തിയ അടിമുടി മാറ്റങ്ങള്‍ പുതിയ ക്രെറ്റയെ കൂടുതല്‍ സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. ത്രിഡി കാസ്‌കേഡിംഗ് ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് തുടങ്ങി മാറ്റങ്ങള്‍ നിരവധി. ഉള്‍വശത്തെ മാറ്റങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് എസി, പ്രീമിയം സീറ്റ് അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ബ്ലൂ ലിങ്ക് കണ്ക്റ്റിവിറ്റി ടെക്‌നോളജിയോടെ ആയിരിക്കും പുതിയ ക്രെറ്റ എത്തുന്നത്.

മാറ്റം വരുത്തിയ ഇന്റീരിയറും എക്സ്റ്റീരിയറും മാത്രമല്ല, ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുതിയ ക്രെറ്റയുടെ വരവ്. കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, മഹീന്ദ്ര എക്‌സ്.യു.വി500, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളായിരിക്കും പുതിയ ക്രെറ്റയുടെ എതിരാളികള്‍.

നിലവില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില 10-15.67 ലക്ഷം രൂപയ്ക്ക് ഇടയിലാണ്. പുതിയ ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില 10-17 ലക്ഷം രൂപയ്ക്ക് ഇടയിലാകാനാണ് സാധ്യത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it