പുതുവര്‍ഷത്തില്‍ കാര്‍ വില ഉയരും

പുതുവര്‍ഷത്തില്‍ വില വര്‍ദ്ധിപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ മിക്ക കാര്‍ നിര്‍മ്മാതാക്കളും. റെനോയാണ് ഈ തീരുമാനം ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച കമ്പനി. ജനുവരിയില്‍ തങ്ങളുടെ ഉല്‍പ്പന്ന നിരയിലുടനീളം ഗണ്യമായ വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് റെനോ പ്രസ്താവനയില്‍ അറിയിച്ചു.രാജ്യത്തെ മറ്റു വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്നുണ്ട്.

അടുത്തിടെ പുറത്തിറക്കിയ ട്രൈബര്‍, ഡസ്റ്റര്‍, ക്വിഡ്, ക്യാപ്ചര്‍, ലോഡ്ജി എന്നിവയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോയുടെ ഇന്ത്യന്‍ സബ്‌സിഡിയറി വില്‍ക്കുന്ന വാഹനങ്ങള്‍. മോഡലിനെ ആശ്രയിച്ച് വിലക്കയറ്റം വ്യത്യാസപ്പെടാം. വിവിധ മോഡലുകള്‍ക്ക് വിലവര്‍ദ്ധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.വാഹനങ്ങളുടെ നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി റെനോ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 എന്‍ജിന്‍, സുരക്ഷാ മാനദണ്ഡം തുടങ്ങിയവ വീണ്ടും വില ഉയരാന്‍ കാരണമാക്കുമെന്നും സൂചനയുണ്ട്. എത്ര ശതമാനമാണ് കൂടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

2019 ഓഗസ്റ്റില്‍ 4.95 ലക്ഷം - 6.49 ലക്ഷം രൂപ (എക്സ്ഷോറൂം) വില റേഞ്ചിലാണ് ട്രൈബര്‍ പുറത്തിറക്കിയത്.പുതുക്കിയ ഡസ്റ്റര്‍ , ക്വിഡ് എന്നിവയും ഈ വര്‍ഷം അവതരിപ്പിച്ചു. ട്രൈബറിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് നവംബര്‍ മാസത്തെ വില്‍പ്പനയില്‍ റെനോയ്ക്ക് 77 ശതമാനത്തിന്റെ വളര്‍ച്ച സ്വന്തമായി. 2019 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറുകളാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങി. നവംബര്‍ വില്‍പ്പനയില്‍ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാര്‍ എന്ന ബഹുമതി ട്രൈബര്‍ സ്വന്തമാക്കി. 6071 ട്രൈബറാണ് നവംബറില്‍ പുറത്തിറങ്ങിയത്.

ഹ്യുണ്ടായിയും മാരുതി സുസുക്കിയും ടാറ്റാ മോട്ടോഴ്‌സുമൊക്കെ ജനുവരി മുതല്‍ വില വര്‍ധന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിവിധ ഉല്‍പ്പാദന ചെലവുകള്‍ വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി അധികൃതര്‍ റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ യാത്രാ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് വ്യക്തമാക്കിയത്. വര്‍ധിക്കുന്ന നിരക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരിയാണെന്നും ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരുന്നു.അതേസമയം, കൊമേഴ്‌സ്യല്‍ വാഹന വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്നു നില്‍ക്കുന്നതാണ് കാരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it