സെഡാനുകള്‍ മാറി നില്‍ക്കുന്നു; മുന്നേറ്റം വീണ്ടെടുക്കാനൊരുങ്ങി എസ്.യു.വി, ഹാച്ച്ബാക്ക് ശ്രേണി

ഉത്സവ സീസണ്‍ വരുന്നതോടെ വാഹന വിപണിയില്‍ ഉണര്‍വു പ്രതീക്ഷിക്കുന്ന കാര്‍ നിര്‍മ്മാതാക്കള്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ഹാച്ച്ബാക്കുകള്‍ക്കുമാകും സെഡാനുകളേക്കാള്‍ തല്‍ക്കാലം രാശി തെളിയുകയെന്ന നിഗമനത്തിലെന്നു റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതിനകം തന്നെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എക്‌സ് എല്‍ 6 പുറത്തിറക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സീസണ്‍ അവസാനിക്കുന്നതിനുമുമ്പ് മറ്റൊരു ഹാച്ച്ബാക്ക് കൂടി വരുമെന്നാണു വിപണിയിലെ പ്രതീക്ഷ.
രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അതിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ഐ 10 ന്റെ മൂന്നാം തലമുറയും പുറത്തിറക്കി, ഗ്രാന്‍ഡ് ഐ 10 നിയോസ് എന്ന പേരില്‍. ആദ്യ കണക്റ്റഡ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്യുവി)മെന്ന പെരുമ പേറുന്ന ഹ്യുണ്ടായ് വെന്യു മൂന്നു മാസം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരുന്നു.സെല്‍റ്റോസ് എന്നറിയപ്പെടുന്ന മറ്റൊരു മിഡ്-സൈസ് എസ്യുവി കിയ മോട്ടോഴ്‌സ് ഇന്ത്യ എത്തിച്ചു.
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയും പുതിയ ഉല്‍പ്പന്നമായ ട്രൈബര്‍ എന്ന മള്‍ട്ടി പര്‍പ്പസ് വാഹനവുമായി കുതിക്കാനൊരുങ്ങുന്നു. ഉത്സവ മാസങ്ങളില്‍ കമ്പനി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് ക്വിഡിന്റെ രണ്ടാം തലമുറയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോഴും വിപണി വിഹിതത്തിന്റെ 70 ശതമാനവും ഹാച്ച്ബാക്കുകള്‍ ആണ് കൈവശം വച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മാന്ദ്യ കാലമായിട്ടും ഈ സാമ്പത്തിക വര്‍ഷം സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 2 ശതമാനം വര്‍ദ്ധിച്ച് 941,461 യൂണിറ്റായി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പാസഞ്ചര്‍ കാര്‍ വില്‍പ്പന 23.32 ശതമാനം കുറഞ്ഞ്്് 447453 യൂണിറ്റായി.
സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് സെഡാന്‍ വിഭാഗത്തെ ബാധിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മാരുതിയുടെ പുതുക്കിയ ഡിസയറും ഹോണ്ടയുടെ പുതിയ തലമുറ അമേസും മാത്രമാണ് ഈ വിഭാഗത്തിലെ വിജയകരമായ രണ്ട് ഉല്‍പ്പന്നങ്ങള്‍.