ടാറ്റയില്‍ നിന്ന് വരുന്നു, 6 താരങ്ങള്‍

ടാറ്റ മോട്ടോഴ്‌സ് വീണ്ടും സടകുടഞ്ഞ് എഴുന്നേല്‍ക്കുകയാണ്. പുതിയ മോഡലുകളും നിലവിലുള്ളവയുടെ പുതുക്കിയ മോഡലുകളുമായി ആറ് താരങ്ങളെയാണ് വരും നാളുകളില്‍ ടാറ്റ അവതരിപ്പിക്കുന്നത്.

ടാറ്റ ആള്‍ട്രോസ്
വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ആള്‍ട്രോസ്. ലഭ്യമായ വിവരം അനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെ ഈ മോഡല്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകളോടെയാണ് ഇതിന്റെ വരവ്. ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ്, മാരുതി സുസുക്കി ബലീനോ, ടൊയോട്ട ഗ്ലാന്‍സ എന്നിവയായിരിക്കും ആള്‍ട്രോസിന്റെ മുഖ്യ എതിരാളികള്‍.

പുതിയ ടാറ്റ എസ്.യു.വി
വിപണിയില്‍ ഹിറ്റായ ഹാരിയറിന്റെ ഏഴ് സീറ്റ് മോഡലാണ് ടാറ്റയുടെ വരാനിരിക്കുന്ന എസ്.യു.വി. അടുത്ത വര്‍ഷം ആദ്യത്തോടെയേ ഈ വാഹനം വിപണിയിലെത്തൂ. ബിഎസ് ആറ് മാനദണ്ഡങ്ങളോടെ നിര്‍മിച്ച ഇതിന് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം ഓട്ടോമാറ്റിക് വകഭേദവും ഉണ്ടാകും.

ടാറ്റ ഹാരിയര്‍ ഓട്ടോമാറ്റിക്
ടാറ്റയുടെ ജനപ്രിയ എസ്.യു.വിയായ ഹാരിയറിന്റെ ഓട്ടോമാറ്റിക് വകഭേദം അടുത്ത വര്‍ഷം ആദ്യത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. ബിഎസ് ആറ് മാനദണ്ഡങ്ങളോട് കൂടിയ മോഡലാണിത്. നിലവിലുള്ള മോഡലില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളും ഫാക്റ്ററി ഫിറ്റ് സണ്‍റൂഫുമൊക്കെ ഇതിന് ഉണ്ടായേക്കുമെന്ന് ശ്രുതിയുണ്ട്.

ടാറ്റ H2X ചെറു എസ്.യു.വി
ഹോണ്‍ബില്‍ എന്നും അറിയപ്പെടുന്ന ടാറ്റയുടെ മൈക്രോ എസ്.യു.വി അടുത്ത വര്‍ഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കാം. നെക്‌സണ് താഴെയായിരിക്കും ഇതിന്റെ സ്ഥാനം. മഹീന്ദ്ര കെയുവി100 NXT, മാരുതിയുടെ വരാനിരിക്കുന്ന ഫ്യൂച്വര്‍ എസ് കണ്‍സപ്റ്റ്, ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മൈക്രോ എസ്.യു.വി എന്നിവയായിരിക്കും ഇതിന്റെ എതിരാളികള്‍.

പുതുക്കിയ ടിയാഗോ/ടിഗോര്‍
യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കിയായിരിക്കും പുതുക്കിയ ടിയാഗോയും ടിഗോറും വരുന്നത്. പുതിയ ക്രാഷ് ടെസ്റ്റിനെ നേരിടാന്‍ കരുത്തനായും കാല്‍നടക്കാരുടെ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും ഇവയെത്തുന്നത്. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ മോഡല്‍ നിലനിര്‍ത്തുകയും 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നിര്‍ത്തുകയും ചെയ്യും.

മുഖം മാറ്റിയ ടാറ്റ നെക്‌സണ്‍
ആധുനിക രൂപഭാവങ്ങളോടെ എത്തുന്ന പുതുക്കിയ ടാറ്റ നെക്‌സണില്‍ ടര്‍ബോ പെട്രോള്‍, ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ നിലനിര്‍ത്തിയേക്കും. പക്ഷെ ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തും. മഹീന്ദ്ര എക്‌സ്.യു.വി300, ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി വിതാര ബ്രെസ്സ എന്നിവയുമായി ശക്തമായ മല്‍സരം ഉണ്ടായേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it