യൂസ്ഡ് കാര്‍ വിപണി തിരിച്ചുവരവിന്റെ പാതയില്‍

സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകാനോ ആശുപത്രിയില്‍ പോകാനോ വാഹനമില്ല. ടാക്‌സിയോ ഓട്ടോറിക്ഷയോ ഒന്നുമില്ലാത്ത അവസ്ഥ. ഈ സാഹചര്യം വീട്ടില്‍ ഒരു വാഹനം ആവശ്യമാണെന്ന ചിന്ത പലരിലും ഉണ്ടാക്കിയിരിക്കുന്നു. പക്ഷെ കടുത്ത സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പുതിയ കാറുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന യൂസ്ഡ് കാറുകള്‍ക്കാണ് ഡിമാന്റ്. ഇത് യൂസ്ഡ് കാര്‍ വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ്.

യൂസ്ഡ് കാര്‍ വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ.പോള്‍ പറയുന്നു. ''അന്വേഷണങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. പുതിയ കാറിനെക്കാള്‍ എന്‍ക്വയറിയില്‍ കൂടുതല്‍ യൂസ്ഡ് കാറുകളാണ്. വരും നാളുകള്‍ ഇവയ്ക്ക് വില്‍പ്പന കൂടാനുള്ള സാധ്യത തന്നെയാണുള്ളത്.'' അദ്ദേഹം പറയുന്നു.

സ്വകാര്യവാഹനം ആവശ്യമില്ലെന്ന് ചിന്തിച്ചിരുന്നവരും സാമൂഹിക അകലം കാത്തുസൂക്ഷിക്കേണ്ട ഘട്ടത്തില്‍ മാറി ചിന്തിച്ചിരിക്കുകയാണ്. പൊതുഗതാഗതം സുരക്ഷിതമല്ലെന്ന ചിന്തയും ഷെയേര്‍ഡ് ടാക്‌സി സേവനങ്ങള്‍ ഇല്ലാത്തതുമാണ് കാരണം. ''പൊതുഗതാഗതം ഇല്ലാതിരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. വീട്ടില്‍ ഒരു വാഹനം വേണമെന്ന തോന്നലിലേക്ക് എത്തിയതാണ് യൂസ്ഡ് കാറുകള്‍ ഇപ്പോള്‍ അന്വേഷണങ്ങള്‍ കൂടാന്‍ ഒരു കാരണം. പുതിയ കാര്‍ വലിയ വിലകൊടുത്ത് അവര്‍ക്ക് വാങ്ങാനും പറ്റില്ല. അതാണ് ബജറ്റ് യൂസ്ഡ് കാര്‍ വിഭാഗത്തില്‍ ഡിമാന്റ് കൂടാന്‍ കാരണം. പ്രീമിയം യൂസ്ഡ് കാറുകളുടെയും ഡിമാന്റ് കൂടിയിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് മാത്രം ഓണ്‍ലൈന്‍ വഴി മൂന്ന് ആഡംബര യൂസ്ഡ് കാറുകള്‍ ഞങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് 31ന് മുമ്പ് ബിഎസ് നാല് വാഹനങ്ങള്‍ വിറ്റുതീര്‍ക്കേണ്ടിയിരുന്നതുകൊണ്ട് വാഹനനിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദനം കുറച്ചിരുന്നു. അതുകൊണ്ടുതന്നെ പല ആഡംബരമോഡലുകളും ഇപ്പോള്‍ ലഭ്യമല്ല. ഇതും ഇതാണ് പ്രീമിയം യൂസ്ഡ് കാറുകളുടെ ഡിമാന്റ് കൂടാന്‍ ഒരുകാരണം.'' റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുജീബ് റഹ്മാന്‍ പറയുന്നു.

നിരവധിപ്പേര്‍ ഇരുചക്രവാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ''ഞാന്‍ സ്വകാര്യ വാഹനം ഉപയോഗിക്കുന്ന വ്യക്തിയല്ല. ജോലിക്ക് പോകാന്‍ കമ്പനിയില്‍ നിന്ന് വാഹനം വരും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പൊതുവാഹനങ്ങളോ ഓണ്‍ലൈന്‍ ടാക്‌സികളോ ആശ്രയിക്കുകയായിരുന്നു പതിവ്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് മാതാപിതാക്കള്‍ ബാങ്കിലും ആശുപത്രിയിലും പോകാനൊക്കെ ഏറെ ബുദ്ധിമുട്ടിയതുകൊണ്ട് തല്‍ക്കാലം ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനുള്ള പദ്ധതിയിലാണ്.'' കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആദര്‍ശ് സി. പറയുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ഹ്യുണ്ടായ് ഐ20, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഐ10, ഹ്യുണ്ടായ് ഇയോണ്‍, മഹീന്ദ്ര സ്‌കോര്‍പ്പിയോ, സ്വിഫ്റ്റ് ഡിസയര്‍, ഹ്യുണ്ടായ് വെര്‍ണ്ണ, ഹോണ്ട സിറ്റി തുടങ്ങിയ മോഡലുകളാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ കൂടുതലായി ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപഭോക്താക്കള്‍ ഉപയോഗിച്ചുതുടങ്ങി. യൂസ്ഡ് കാറുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കാര്‍വെയ്‌ലില്‍ സെര്‍ച്ചുകളുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 ദിവസങ്ങളായി ആളുകള്‍ കൂടുതലായി തിരിച്ചുവന്നിട്ടുണ്ടെന്ന് കമ്പനിയധികൃതര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it