വിപണി പിടിച്ചടക്കാന്‍ ടാറ്റ: വരുന്നു 5 പുതിയ മോഡലുകള്‍

ഇന്ത്യന്‍ വിപണിയിലേക്ക് അഞ്ചോളം മോഡലുകള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. പ്രീമിയം ഹാച്ച്ബാക്ക്, ഏഴ് സീറ്റുകളുള്ള എസ്.യു.വി, ഇലക്ട്രിക് സെഡാന്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ മോഡലുകളെ ടാറ്റ ഈയിടെ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2019-2020 കാലഘട്ടത്തില്‍ വിപണിയിലെത്തുന്ന ഈ അഞ്ച് മോഡലുകളില്‍ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്, ആള്‍ട്രോസിന്റെ ഇലക്ട്രിക് കാര്‍, ഏഴു സീറ്റുകളുള്ള എസ്.യു.വി കാസിനി, എച്ച് 2 എക്‌സ് എന്ന കോഡ് നാമത്തോട് കൂടിയ മൈക്രോ എസ്.യു.വി, ടാറ്റ ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്‍ എന്നിവയാണ് ഈ അഞ്ച് മോഡലുകള്‍.

ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്റുള്ള വിഭാഗങ്ങളിലേക്കാണ് ടാറ്റ പുതിയ മോഡലുകളെ അവതരിപ്പിക്കുന്നത് എന്ന സവിശേഷതയുണ്ട്.

ആള്‍ട്രോസ്, ആള്‍ട്രോസ് ഇലക്ട്രിക്

മാരുതി സുസുക്കി ബലീനോ, ഹ്യുണ്ടായ് ഐ20 എന്നിവയ്ക്ക് വെല്ലുവിളിയുണര്‍ത്തുന്ന മോഡലാണ് ആല്‍ഫ ആര്‍ക്ക് എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ വിപണിയിലിറക്കുന്ന ആള്‍ട്രോസ്.

ആല്‍ഫ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ അതിവേഗ ചാര്‍ജിംഗ് സൗകര്യത്തോടെ വരുന്ന മോഡലാണ് ആള്‍ട്രോസ് ഇലക്ട്രിക് വെഹിക്കിള്‍. മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 250-300 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. ഇതിന്റെ വില 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും എന്നാണ് പ്രതീക്ഷ.

കാസിനി

വിപണിയില്‍ തരംഗമായി മാറിയ ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ ഏഴ് സീറ്റര്‍ വകഭേദമാണ് വരാനിരിക്കുന്ന കാസിനി. ചില യൂറോപ്യന്‍ വിപണികളില്‍ കാസിനിക്ക് ബസാര്‍ഡ് എന്നാണ് പേര്. ഒമേഗ പ്ലാറ്റ്‌ഫോമില്‍ വിപണിയിലെത്തുന്ന ഈ എസ്.യു.വി ജീപ്പ് കോമ്പസിനോട് മല്‍സരിക്കും. കാസിനിക്കും രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്.

എച്ച്2എക്‌സ്

മൈക്രോ എസ്.യു.വി കണ്‍സപ്റ്റ് വാഹനമാണ് എച്ച്2എക്‌സ്. ഹോണ്‍ബില്‍ എന്നായിരിക്കും ഇതിന്റെ യഥാര്‍ത്ഥ നാമമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമ്പനി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാരുതി സുസുക്കി ഫ്യൂച്വര്‍ എസ് കണ്‍സപ്റ്റ്, മഹീന്ദ്ര കെയുവി 100 തുടങ്ങിയ മോഡലുകളായിരിക്കും വിപണിയില്‍ ഇതിന്റെ എതിരാളികള്‍.

ഇ-വിഷന്‍

ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റയുടെ പവലിയനില്‍ ഏറ്റവുമധികം ആളുകളെ ആകര്‍ഷിച്ച മോഡലാണ് ടാറ്റയുടെ ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള ഫീച്ചറുകളാണ് ഇ-വിഷനെ ആകര്‍ഷകമാക്കുന്നത്. അടുത്ത വര്‍ഷം മാത്രമേ ഈ മോഡല്‍ വിപണിയിലെത്തൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it