ഇന്ധനവില ഇങ്ങനെ ഇടിഞ്ഞാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് എന്ത് സംഭവിക്കും?

അമേരിക്കയിലെ ഇന്ധനവില ചരിത്രത്തിലാദ്യമായി പൂജ്യത്തിന് താഴെപോയി. മഹാമാരി ലോകസമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരിക്കുന്നതിനാല്‍ ആഗോള കാര്‍ വിപണി തകര്‍ന്നുകിടക്കുന്നു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് എന്ത് സംഭവിക്കും?

ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 43 ശതമാനം ഇടിയുമെന്ന് വുഡ് മക്കിന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറേ നാളുകള്‍ കൂടി യാത്രാവിലക്കുകള്‍ തുടരാനുള്ള സാധ്യതയും മോശം സാമ്പത്തികാവസ്ഥയില്‍ ആരും വിലപിടിപ്പുള്ള കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്നതും ആണ് ഇതിന് പ്രധാനകാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ധനവില കൂടുതലായ സാഹചര്യത്തില്‍ വളരെ കുറഞ്ഞ ചെലവില്‍ വാഹനം ഉപയോഗിക്കാം എന്നതുതന്നെയായിരുന്നു ഇലക്ട്രിക് കാറുകളിലേക്ക് ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം. എന്നാല്‍ ഇന്ധനവില താഴേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ ആ കാരണത്തിന് ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. സാധാരണ കാറുകളെക്കാള്‍ കൂടിയ വില നല്‍കി ഇനി ആരെങ്കിലും ഇലക്ട്രിക് കാറുകള്‍ വാങ്ങുമോ എന്നതാണ് ചോദ്യം. ഇലക്ട്രിക് കാറുകള്‍ ഡിമാന്റ് ഇടിയാന്‍ തീര്‍ച്ചയായും ഇത് ഒരു കാരണം തന്നെയാണ്.

വിപണി ഇടിയും, എന്നന്നേക്കുമായിരിക്കില്ല

ഇന്ധനവിലയിലെ ഇടിവും സാമ്പത്തികരംഗത്തെ പ്രതിസന്ധിയും മൂലം ഇവയുടെ വളര്‍ച്ച മന്ദഗതിയിലാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇത് എന്നന്നേക്കുമായിരിക്കില്ല. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനവിപണി ചൈനയായിരുന്നു. എന്നാല്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ ജനുവരി അവസാനത്തില്‍ ഇവയുടെ ഡിമാന്റ് 54 ശതമാനം ഇടിഞ്ഞു. പിന്നീടങ്ങോട്ട് വില്‍പ്പന കുത്തനെ താഴേക്ക് പോയ മാസങ്ങളായിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തിന് ശേഷം ചൈനയിലെ വിപണി പതിയെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അസുഖത്തിന്റെ രണ്ടാംവരവ് ഭീഷണിയാകുന്നു.

ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടി വരുന്ന സമയത്താണ് പുതിയ പ്രതിസന്ധികള്‍ കടന്നുവന്നത്. ചൈന കഴിഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാമത്തെ വലിയ വിപണി ആയിരുന്ന യൂറോപ്പും ഇപ്പോള്‍ കോവിഡിന്റെ ഭീഷണിയിലാണ്. പതിനായിരങ്ങള്‍ മരിച്ചുവീഴുന്ന അവസ്ഥ, യാത്രാവിലക്കുകള്‍, തകര്‍ന്ന സാമ്പത്തികവ്യവസ്ഥ തുടങ്ങിവയെല്ലാം ആഗോളവിപണിയെ പിടിച്ചുകുലുക്കുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്ക് പഴയ പ്രതാപം തിരികെ കിട്ടാന്‍ ഏറെ നാളുകള്‍ കാത്തിരിക്കേണ്ടിവരും. എങ്കിലും അവ ശക്തമായി തിരിച്ചുവരുക തന്നെ ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it