വൈറസ് ഭീതിയില്‍ ഓട്ടോ എക്സ്പോ

ഡല്‍ഹി ഓട്ടോ എക്സ്പോ രണ്ടു ദിനം മാത്രം അകലെ നില്‍ക്കവേ കൊറോണ വൈറസ് ഭീതിയാലുള്ള അസ്വാസ്ഥ്യം കൂടുതല്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തോളം കാത്തിരുന്ന ശേഷം ആഗതമാകുന്ന വമ്പന്‍ പരിപാടിയുടെ നിറം മങ്ങുമോയെന്ന ആശങ്കയിലാണ് ഓട്ടോ പ്രേമികളും കമ്പനികളും.
ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് എക്സ്പോ.ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങളും പുതുതലമുറ മോഡലുകളും 2020 ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യും.
ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ , കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി , സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.
രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ നിരവധി പുതിയ ഇലക്ട്രിക് മോഡലുകള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. മലിനീകരണ നിയന്ത്രണത്തിനായി ഇന്ത്യയില്‍ നടപ്പാക്കുന്ന ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന നിരവധി വാഹനങ്ങളും ഈ വേദിയില്‍ അവതരണത്തിനൊരുങ്ങിക്കൊണ്ടിരിക്കുന്നു.
ലോകമെമ്പാടും നിന്നുള്ള വാഹന നിര്‍മ്മാണ കമ്പനികള്‍ രംഗത്തുണ്ട്. പ്രബലമായ സാന്നിധ്യം ചൈന നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. എക്സ്പോയില്‍ നിന്ന് പ്രേക്ഷകരെ പിന്തിരിപ്പിക്കാന്‍ ഇതിടയാക്കുമെന്ന നിരീക്ഷണം ശക്തമാണ്.വന്നെത്താനിരുന്ന ചൈനീസ് പ്രതിനിധികള്‍ അവസാന നിമിഷം യാത്ര റദ്ദാക്കി വിട്ടുനില്‍ക്കുകയാണെങ്കിലും നേരത്തെ എത്തിയവരുടെ കാര്യത്തില്‍ പോലും സംഘാടകര്‍ക്കിടയില്‍ അസ്വാസ്ഥ്യമുള്ളതായാണ് സൂചന.
ജനപ്രിയ ചൈനീസ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ എംജി മോട്ടോഴ്സ് കഴിഞ്ഞ എക്‌സ്‌പോയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അതിന്റെ വിജയത്തെത്തുടര്‍ന്ന്, മറ്റൊരു ജനപ്രിയ ചൈനീസ് ബ്രാന്‍ഡായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇക്കുറി ആദ്യ ചുവടുവെക്കുന്നു. ചൈനീസ് വാഹന നിര്‍മാതാക്കളായ ഹൈമ മോട്ടോഴ്സും ഈ എക്സ്പോയില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും.
മഹീന്ദ്ര 18 മോഡലുകള്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുന്നുണ്ടെന്ന്് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റും ഫെയ്സ്ലിഫ്റ്റ് മോഡലുകളും ഉള്‍പ്പെടെ 17 വാഹനങ്ങള്‍ മാരുതിയുടെ പവലിയനില്‍ അണിനിരക്കും. ടാറ്റ മോട്ടോഴ്സും സജീവ സാന്നിധ്യമാകും.മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും. എന്നാല്‍, ബിഎംഡബ്ല്യു, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഇത്തവണ വിട്ടുനില്‍ക്കുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline