ഹൈഡ്രജനാണ് ഭാവിയിലെ താരം, ഇലക്ട്രിക് കാറുകള്‍ പുറത്താകുമോ?

ഹൈഡ്രജനിലാണ് ഇനി ഭാവിയെന്ന് ചൈനയിലെ ഇലക്ട്രിക് കാറുകളുടെ പിതാവായ വാന്‍ ഗാങ് തന്നെ പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ദാര്‍ശനിക വീക്ഷണമാണ് ചൈനയെ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളില്‍ നിന്ന് വിപ്ലവകരമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റിയത്.

ചൈനയിലെ ഇലക്ട്രിക് കാറുകളുടെ പിതാവ് എന്ന് അറിയപ്പെടുന്ന വാന്‍ ഗാങ് വാഹനമേഖലയില്‍ അടുത്ത വിപ്ലവത്തിനുള്ള സമയമായെന്ന് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളിലേക്ക് വ്യാപകമായി കടക്കാനൊരുങ്ങുന്ന കാര്യം ഒരു ഇന്റര്‍വ്യൂവിലാണ് വാന്‍ ഗാങ് പങ്കുവെച്ചത്. ഇദ്ദേഹത്തിന്റെ പ്രവചനം വളരെ ഗൗരവത്തോടെയാണ് വാഹനമേഖല കാണുന്നത്.

ഔഡി എക്‌സിക്യൂട്ടിവായിരുന്ന വാന്‍ ഗാങ് പിന്നീട് ചൈനയിലെ സയന്‍സ് & ടെക്‌നോളജി മന്ത്രിയാകുകയും അദ്ദേഹം രണ്ട് ദശകത്തിന് മുമ്പ് തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അതിനായുള്ള നടപടികളുമെടുത്തു. ഇന്ന് ലോകത്ത് വില്‍ക്കുന്ന രണ്ട് ഇലക്ട്രിക് കാറുകളിലൊന്ന് ചൈനയിലാണ് വില്‍ക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണമാണ് ചൈനയെ ഇത്തരത്തില്‍ മാറ്റിയെടുത്തത്.

ഒരു ഹൈഡ്രജന്‍ സൊസൈറ്റി ഉണ്ടാക്കുന്നതിനായുള്ള ആലോചനകളിലാണ് തങ്ങളെന്ന് 66കാരനായ വാന്‍ ഗാങ് പറഞ്ഞു. ഹൈഡ്രജനിലോടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി അടുത്ത വര്‍ഷത്തോടെ എടുത്തുകളയും. ചൈനയിലെ ഇലക്ട്രിക് വാഹനമേഖല വളര്‍ച്ചപ്രാപിച്ചുകഴിഞ്ഞതാണ് കാരണം. ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം ഒരു പരിധിവരെ നല്‍കും.

ഇലക്ട്രിക് വാഹനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ചൈനയിലും ലോകമെമ്പാടും ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ക്ക് കാര്യമായ ഡിമാന്റില്ല. ഇതിന് കാരണം ഇവയുടെ ഉയര്‍ന്ന ചെലവാണ്. പക്ഷെ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഘടകങ്ങളെല്ലാം മാറ്റാനാണ് വാന്‍ ഗാങിന്റെ ശ്രമം.

Related Articles

Next Story

Videos

Share it