ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്തി; വായ്പാ ചെലവുകൾ കൂടും

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്കുകൾ കൂട്ടി. കാൽശതമാനമാണ് വർദ്ധനവ്. പണപ്പെരുപ്പമാണ് ഇത്തവണയും നിരക്ക് വർദ്ധനവിലേക്ക് ആർബിഐയെ നയിച്ചത്.

ഇതനുസരിച്ച് റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാകും. സിആര്‍ആര്‍ നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും.

ജൂണിൽ പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചിരുന്നു. നാല് വർഷത്തിലാദ്യത്തെ വർധനവായിരുന്നു അത്.

2018-19 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ നാണയപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിലെത്തുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നു. വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പ നിരക്ക് 4.8 ശതമാനത്തിലും 2019-20 ലെ ആദ്യ പാദത്തിൽ 5 ശതമാനത്തിലും എത്തുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം ജിഡിപി വളർച്ചയാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

റിസർവ് ബാങ്ക് പലിശ ഉയർത്തിയതോടെ ബാങ്കുകളുടെ നിക്ഷേപ-വായ്പാ പലിശ കൂടാനും സാധ്യതയുണ്ട്.

വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. നിക്ഷേപമായി ലഭിച്ച പണത്തിൻറെ എത്ര ശതമാനം ബാങ്കുകൾ ആര്‍ബിഐയുടെ കറന്റ് അക്കൗണ്ടില്‍ സൂക്ഷിക്കണം എന്നതിന്റെ നിരക്കാണ് സിആര്‍ആര്‍. അതുപോലെ എസ്എല്‍ആര്‍ നിരക്കനുസരിച്ചാണ് നിക്ഷേപത്തിന്റെ എത്ര ഭാഗം ബാങ്കുകൾ ഗവണ്‍മെന്റ് സെക്യൂരിറ്റീസില്‍ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it