ക്രെഡിറ്റ് സ്വീസ്; ഫിലിപ്പൈന്‍ ഏകാധിപതിയുടെ പണം സൂക്ഷിപ്പ് മുതല്‍ ഡാറ്റ ചോര്‍ച്ച വരെ, വിവാദങ്ങളുടെ സ്വിസ് ബാങ്ക്

2021 ഒക്ടോബറില്‍ പ്രമുഖരുടെ നികുതി വെട്ടിപ്പുകള്‍ വെളിപ്പെടുത്തിയ പാന്‍ഡോറ രേഖകള്‍ക്ക് ശേഷം സാമ്പത്തിക ലോകത്തിന്റെ പുതിയ വിഷയം സൂസി രഹസ്യങ്ങളാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസില്‍ നിന്ന് വത്തിക്കാന്റേതുള്പ്പടെ അനധികൃത ഇടപാട് നടത്തിയ മുപ്പതിനായിരത്തോളം അക്കൗണ്ട് വിവരങ്ങളാണ് ചോര്‍ന്നത്. ജര്‍മ്മന്‍ പത്രമായ Süddeutsche Zeitung-ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
1940 മുതല്‍ 2010 വരെയുള്ള വിവരങ്ങളാണ് ബാങ്കില്‍ നിന്ന് ചോര്‍ന്നത്. അതുകൊണ്ട് തന്നെ നിലവിലെ ഇടപാടുകാരൊക്കെ സുരക്ഷിതരാണ്. ഈജിപ്ത് മുതല്‍ ഉക്രൈന് വരെയുള്ള രാജ്യങ്ങളിലെ നേതാക്കന്മാരുടെ ഉള്‍പ്പടെ 100 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ( 80 ബില്യണ്‍ യുറോ) ആണ് ക്രെഡിറ്റ് സ്വീസ് അനധികൃതമായി ഇക്കാലയളവില്‍ സൂക്ഷിച്ചത്. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ടില്‍ നിന്ന് പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നേക്കാം.
വിവാദങ്ങളുടെ സ്വിസ് ബാങ്ക്
ഇത് ആദ്യമായല്ല അനധികൃത സ്വത്ത് സമ്പാദനത്തിന് ബാങ്ക് ഉപഭോക്താക്കളെ സഹായിക്കുന്നത്. 1965 മുതല്‍ 1986 വരെ ഫിലിപ്പൈന്‍സില്‍ ഏകധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിനെ 10 ബില്യണോളം യുഎസ് ഡോളര്‍ തട്ടിയെടുക്കാന്‍ ക്രെഡിറ്റ് സ്വീസ് സഹായിച്ചിരുന്നു.
മാര്‍ക്കോസും ഭാര്യയും കള്ളപ്പേരില്‍ അക്കൗണ്ട് തുറന്നാണ പണം സൂക്ഷിച്ചത്. 1990കളില്‍ നൈജീരിയന്‍ ഏകാധിപതി സാനി അബാച്ചയെ അഴിമതിയിലൂടെ സമ്പാദിച്ചഏകദേശം 214 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതും ക്രെഡിറ്റ് സ്വീസിലാണ്. അന്ന് സ്വിറ്റ്സർലൻഡ് ഫെഡറല്‍ ബാങ്കിംഗ് കമ്മീഷന് ക്രെഡിറ്റ് സൂസിക്ക് കര്‍ശനമായ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരുകാലത്തും അവസാനിച്ചില്ല എന്നതാണ് യാതാര്‍ത്ഥ്യം.
2014ല്‍ യുഎസ് പൗരന്മാരെ നികുതി വെട്ടിക്കാന്‍ സഹായിച്ചതിന് 2.6 ബില്യണ്‍ ഡോളറും ഇറ്റാലിയന്‍ നികുതി വെട്ടിപ്പിന് 109.5 മില്യണ്‍ യൂറോയും ആണ് ക്രെഡിറ്റ് സ്വീസ് പിഴ നല്‍കിയത്. 2017ല്‍ 55,000 അക്കൗണ്ടുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നു.
ബിസിനസ് നേട്ടങ്ങള്‍ക്ക് വേണ്ടി ചൈനീസ് അധികാരികളുമായി ബന്ധപ്പെട്ടവര്‍ക്ക് ജോലി നല്കിയ ( 2007-2013) വിഷയത്തില്‍ 47 മില്യണ്‍ ഡോളറാണ് ക്രെഡിറ്റ് സ്വീസ്, യുഎസ് സര്‍ക്കാരിന് നല്‍കിയത്. ഏറ്റവും ഒടുവില്‍ 2021 ഡിസംബറില്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബീക്കില്‍ നടന്ന ട്യൂണ ബോണ്ട് അഴിമതിയിലും പതിവു പോലെ ക്രെഡിറ്റ് സ്വീസ് സാന്നിധ്യമറിയിച്ചു.
വിഷയത്തില്‍ മൊസാംബീക്കിന്റെ 200 മില്യണ്‍ ഡോളറിന്റെ വായ്പ എഴുതിത്തള്ളാനും 475 മില്യണ്‍ യുഎസ് ഡോളര്‍ പിഴയിനത്തില്‍ നല്‍കാനുമാണ് ക്രെഡിറ്റ് സ്വീസ് സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ഫോറിന് കറന്‍സി എക്സ്ചേഞ്ച് തിരിമറിയിലും ബാങ്ക് പിഴ അടച്ചിരുന്നു.
ആരോപണങ്ങള്‍ നിഷധിച്ച് ക്രെഡിറ്റ് സ്വീസ്
ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെല്ലാം ശക്തമായി നിക്ഷേധിക്കുകയാണ് ക്രെഡിറ്റ് സ്വീസ് ചെയ്തത്. സ്വിറ്റ്സർലൻഡിലെ നിയമങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് അനുവദിക്കുന്നില്ലെന്നും ബാങ്ക് അറിയിച്ചു. പുറത്ത് വന്ന വിവരങ്ങളൊക്കെ ബാങ്കിംഗ് നിയമങ്ങള്‍ ശക്തമാല്ലാതിരുന്ന കാലത്തെതാണെന്നും ക്രെഡിറ്റ് സ്വീസ് പറയുന്നു.