വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി ഫെഡറല്‍ ബാങ്ക്; ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാം?

ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ആദ്യമായി അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്നാണ് മൂന്ന് തരം വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക് സെലെസ്റ്റ, കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ, യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്‌നെറ്റ് എന്നിങ്ങനെയാണിവ.

ബാങ്കിംഗ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനത്തില്‍ തുടങ്ങുന്നു. വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ബാങ്കിന്റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
എന്തൊക്കെയാണ് വിസ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനങ്ങള്‍?
  • ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, ഐനോക്‌സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംപ്ലിമെന്ററി മെംബര്‍ഷിപ്പ് പദ്ധതികള്‍, റസ്റ്റോറന്റ് ബില്ലുകളില്‍ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ് എന്നിവ ലഭിക്കും.
  • ഇന്ത്യയിലൂടനീളം പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ്.
  • എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് ആക്‌സസ്.
  • വെറും മൂന്ന് ക്ലിക്കിലൂടെ ഉടനടി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാവുന്ന 'ഡിജിറ്റല്‍ ഫസ്റ്റ്' സൗകര്യം നിലവിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
  • ഓണ്‍ലൈന്‍ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് കിട്ടുന്നതിനു മുന്‍പായി തന്നെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈല്‍ വഴി കാര്‍ഡിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.
'ഞങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പൂര്‍ണ്ണമായും ഡിജിറ്റലാണ്. ഈ മേഖലയില്‍ ഒരു ഡിജിറ്റല്‍ കുതിച്ചുചാട്ടം നടത്താനും ഉപഭോക്താക്കള്‍ക്ക് അവര്‍ കാത്തിരുന്ന സൗകര്യമെത്തിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിസയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കാന്‍ കഴിഞ്ഞത് എന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്,' ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് താമസിയാതെ തന്നെ അവതരിപ്പിക്കുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it