ഫ്‌ളിപ്കാര്‍ട്ടും മാസ്റ്റര്‍കാര്‍ഡും നബാര്‍ഡും ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള 'ന്യൂ'വില്‍ നിക്ഷേപം നടത്തുന്നു

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, മാസ്റ്റര്‍കാര്‍ഡ്, പേയു എന്നിവയും നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റും (നബാര്‍ഡ്) ടാറ്റ പ്രൊമോട്ട് ചെയ്യുന്ന ഫെര്‍ബൈനില്‍ 30 ശതമാനം ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ന്യൂ അംബ്രല്ല എന്റിറ്റിയുടെ (NUE) പദ്ധതിയില്‍ ഭാഗമാകാനാണ് ഇവയുടെ നീക്കമെന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.

പേയു, ഫ്‌ളിപ്കാര്‍ട്ട് (അതിന്റെ യൂണിറ്റ് ഫ്‌ളിപ്പ്‌പേ വഴി) ഫെര്‍ബൈനില്‍ അഞ്ച് ശതമാനം വീതം ഓഹരി സ്വന്തമാക്കും, മാസ്റ്റര്‍കാര്‍ഡും നബാര്‍ഡും 10 ശതമാനം വീതം കൈവശം വയ്ക്കുമെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് വക്താവ് ദി ഇക്കണോമിക് ടൈംസിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകളോട് ഫ്‌ളിപ്പ്കാര്‍ട്ട്, പേയു, നബാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് എന്നിവരാരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റാ ഗ്രൂപ്പിന് ഫെര്‍ബൈനില്‍ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കാം, എയര്‍ടെല്‍ ഡിജിറ്റലിന് 10 ശതമാനം ഓഹരിയുണ്ടാകും. എച്ച്ഡിഎഫ്‌സി ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും 9.99 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. ദേശീയ പേയ്മെന്റുകളുമായി ഫലപ്രദമായി മത്സരിക്കുന്ന റീറ്റെയ്ല്‍ പേയ്മെന്റ് സംവിധാനങ്ങളായി NUE- കള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ന്യൂ(NUE) ലൈസന്‍സുകള്‍ക്കായി അപേക്ഷ അയയ്ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ലേക്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നീട്ടിയിട്ടുണ്ട്. 'ടാറ്റാ ഗ്രൂപ്പ് ഈ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നു. ഇ-കൊമേഴ്സ് ഇടപാടുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന പാന്‍-ഇന്ത്യ പേയ്മെന്റ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സിനായി അപേക്ഷിക്കാന്‍ മാത്രമാണ് ഫെര്‍ബൈന്‍ സജ്ജീകരിച്ചിരിക്കുന്നത്.'' റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it