ബാങ്ക് ലൈസന്‍സ് അനുമതി; 'യോഗ്യതയുള്ള' എന്‍ബിഎഫ്‌സികളില്‍ പകുതിയും കോര്‍പറേറ്റുകളുടെ കീഴിലുള്ളവ

ബാങ്കിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആര്‍ബിഐ നിശ്ചയിച്ച തരത്തിലുള്ള വലിപ്പമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പകുതിയും വിവിധ കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ കീഴിലുള്ളവ. രണ്ടെണ്ണമാവട്ടെ നിലവില്‍ ബാങ്കിംഗ് ഗ്രൂപ്പുകളുടെ ഭാഗമായവയും. 50000 കോടി ആസ്തിയാണ് ബാങ്കിംഗ് ലൈസന്‍സ് ലഭിക്കാനായി ആര്‍ബിഐ മുന്നോട്ട് വെച്ച അളവുകോല്‍. സ്വതന്ത്രമായി നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ അരലക്ഷം കോടിയുടെ ആസ്തിയുള്ളവ അപൂര്‍വവും.

ചുരുങ്ങിയത് 50000 കോടി രൂപയുടെ ആസ്തിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് അനുമതി നല്‍കാമെന്നാണ് ആര്‍ബിഐയുടെ ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നല്‍കിയ റിപ്പോര്‍ട്ട്.
ആസ്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ധനകാര്യ സ്ഥാപനങ്ങളില്‍ ആദിത്യ ബിര്‍ള കാപിറ്റല്‍, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, മഹീന്ദ്ര ഫിനാന്‍സ്, പിരമള്‍, ടാറ്റ കാപിറ്റല്‍ എന്നിവയൊക്കെ കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ഭാഗമാണ്.
ബാക്കിയുള്ളവയില്‍ എച്ച്ഡിഎഫ്‌സിയാകട്ടെ ബാങ്കിംഗ് മേഖലയുടെ ഉപസ്ഥാപനമാണ്. പിന്നെയുള്ളത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനു കീഴിലുള്ള എല്‍ഐസി ഹൗസിംഗ് ഫിനാന്‍സാണ്. മറ്റൊരു വന്‍ എന്‍ബിഎഫ്‌സിയായ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉടമസ്ഥതയിലാണ്.
50,000 കോടി രൂപ ആസ്തിയുള്ള എന്‍ബിഎഫ്‌സികളില്‍ കേരളത്തിന്റെ മുത്തൂറ്റ് ഫിനാന്‍സുമുണ്ട്. ശ്രീരാം ഫിനാന്‍സ് കമ്പനീസ്, ഇന്ത്യബുള്‍സ് ഹൗസിംഗ്, ചോളമണ്ഡലം ഫിനാന്‍സ്, എയ്ദല്‍വെയ്‌സ് ഫിനാന്‍സ് എന്നിവയാണ് മറ്റു കമ്പനികള്‍. ഐഐഎഫ്എല്‍, സുന്ദരം ഫിനാന്‍സ് എന്നിവയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കിലും 50,000 കോടി എന്ന കടമ്പ കടക്കാനായിട്ടില്ല.
ആവശ്യമായ സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തുന്നതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവ്, റീറ്റെയ്ല്‍ ബ്രാഞ്ച് നെറ്റ് വര്‍ക്ക് കെട്ടിപ്പടുക്കല്‍ എന്നിവയൊക്കെയാകും ബാങ്ക് ലൈസന്‍സ് നേടുന്ന എന്‍ബിഎഫ്‌സികള്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it