റിസര്‍വ് ബാങ്ക് ആശ്വാസനടപടികള്‍ നിങ്ങള്‍ക്ക് എങ്ങനെ ഗുണകരമാകും? ഇതാ വിശദ വിവരങ്ങള്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത വെല്ലുവിളികള്‍ മറികടന്ന് ഒരു വിധം തലപൊക്കി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് രണ്ടാംതരംഗം വീശിയടിച്ചത്. കോവിഡിന്റെ ഒന്നാം വരവില്‍ ഒട്ടനവധി സംരംഭങ്ങള്‍ പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പിടിച്ചു നിന്നത് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പല ആശ്വാസ നടപടികളും കൊണ്ടാണ്. വായ്പാ മോറട്ടോറിയം, ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ വായ്പ, പേഴ്‌സണല്‍ ലോണിനടക്കം പുനഃക്രമീകരണം അനുവദിച്ചത് തുടങ്ങിയ നടപടികളെല്ലാം ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായവയാണ്.

കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ്. ആ പശ്ചാത്തലത്തിലാണ് രാജ്യത്തെ ബിസിനസ് സമൂഹം കേന്ദ്ര സര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും സമാനനടപടികള്‍ പ്രതീക്ഷിച്ചതും.

റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച പുതിയ ആശ്വാസ നടപടികള്‍ കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിവിധ മേഖലകളെ പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാകും.
വായ്പകള്‍ പുനഃക്രമീകരിക്കാന്‍ ഇനിയും അവസരം
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രശ്‌നബാധിത എക്കൗണ്ടുകള്‍ പുനഃക്രമീകരിക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഇന്ന് കൊണ്ടുവന്നിട്ടുണ്ട്. വ്യക്തികള്‍, ചെറുബിസിനസുകള്‍, ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ എന്നിവയുടെ പ്രശ്‌ന കടങ്ങള്‍ ഇങ്ങനെ പുനഃക്രമീകരിക്കാം.

ആര്‍ക്കൊക്കെ ഇതിന്റെ ഗുണം കിട്ടും: 2021 മാര്‍ച്ച് 31ല്‍ സ്റ്റാന്‍ഡേര്‍ഡ് എക്കൗണ്ടായിരുന്ന, എല്ലാ ബാങ്കുകളിലുമായി വായ്പ 25 കോടിയില്‍ കവിയാത്തവര്‍ക്ക് ഈ ആശ്വാസനടപടിയുടെ ഗുണം ലഭിക്കും. മുന്‍പ് വായ്പാ പുനഃക്രമീകരണം നടത്തിയവര്‍ക്ക് ഇനി അതിന് അര്‍ഹതയില്ല. 2021 മാര്‍ച്ച് 31 SMA1, SMA2 എക്കൗണ്ടുകള്‍ ആയിരുന്നാല്‍ പോലും ഇപ്പോഴത്തെ ഈ പ്രഖ്യാപനം വഴി പുനഃക്രമീകരണം സാധ്യമാണ്. പക്ഷേ തുടരെ തുടരെയുള്ള വായ്പാ പുനഃക്രമീകരണം അനുവദനീയമല്ല. വിവിധ ബാങ്കുകളിലായി 25 കോടി രൂപയിലേറെ വായ്പയുണ്ടെങ്കിലും ഈ ആശ്വാസ നടപടിയുടെ ഗുണം ലഭിക്കില്ല.

സംരംഭകര്‍ക്ക് എങ്ങനെ സഹായകരമാകും?: വ്യക്തികള്‍ക്കും സംരംഭകര്‍ക്കും റിസര്‍വ് ബാങ്കിന്റെ ഇന്നത്തെ ഈ ആശ്വാസ നടപടി ഏറെ സഹായകരമാകും. പല കാരണങ്ങള്‍ കൊണ്ട് മുന്‍പ് നിരവധി സംരംഭകരും വ്യക്തികളും വായ്പാ പുനഃക്രമീകരണം നടത്തിയിരുന്നില്ല. കൈയിലുള്ള കാഷ് റിസര്‍വ് പരിഗണിച്ചോ അതിവേഗം ബിസിനസ് ടേണ്‍ എറൗണ്ട് ചെയ്യാനാകുമെന്ന് കരുതിയോ വായ്പാ പുനഃക്രമീകരണം നടത്തിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന് ഭയന്നോ ഒക്കെയാണ് പലരും കടം പുനഃക്രമീകരിക്കാതെയിരുന്നത്. മറ്റനേകം പേര്‍ വായ്പാ പുനഃക്രമീകരണ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും റിസര്‍വ് ബാങ്ക് അന്ന് പ്രഖ്യാപിച്ചിരുന്ന കാലാവധിക്കുള്ളില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്കും ഇന്നത്തെ പ്രഖ്യാപനം വളരെ ആശ്വാസമാകും.

വായ്പാ പുനഃക്രമീകരണ സൗകര്യം 2021 സെപ്തംബര്‍ 31 വരെയുണ്ട്. വായ്പാ പുനഃക്രമീകരണത്തിന് ബാങ്കുകള്‍ പച്ചക്കൊടി കാണിച്ചാല്‍ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ 2021 ഡിസംബര്‍ 31നകം പൂര്‍ത്തീകരിച്ചിരിക്കണം.

2021 മാര്‍ച്ച് 31 ന് സ്റ്റാര്‍ഡേര്‍ഡ് ആയിരിക്കുകയും പിന്നീട് എന്‍ പി എ ആകുകയും ചെയ്ത എക്കൗണ്ടുകള്‍ പുനഃക്രമീകരിക്കാന്‍ സാധിക്കുമോയെന്നറിയാന്‍ നമുക്ക് റിസര്‍വ് ബാങ്കിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാം.
ഇതിനകം പുനഃക്രമീകരിച്ച വായ്പകള്‍ക്കുള്ള ആശ്വാസ നടപടികള്‍
1. ടേം ലോണ്‍: കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി വായ്പാ പുനഃക്രമീകരണം നടത്തിയ വ്യക്തികള്‍ക്കും ചെറുകിട ബിസിനസ് സംരംഭകര്‍ക്കും ചില ആശ്വാസ നടപടികളും ഇന്നുണ്ടായിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പുനഃക്രമീകരണ പദ്ധതി പ്രകാരം മോറട്ടോറിയം രണ്ട് വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്ക് മാത്രമേ ചിലര്‍ സ്വീകരിച്ചിട്ടുള്ളൂ. ഒരു പക്ഷേ ബാങ്കുകള്‍ അത്രയും കാലമേ നല്‍കിയിട്ടുമുണ്ടാവുകയുമുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ പദ്ധതി പ്രകാരം വായ്പാ സ്ഥാപനങ്ങള്‍ക്ക് മോറട്ടോറിയം കാലയളവ് അല്ലെങ്കില്‍ മോറട്ടോറിയം ലഭ്യമായതില്‍ ശേഷിക്കുന്ന കാലയളവ് മൊത്തം രണ്ടുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഒരു വ്യക്തി അദ്ദേഹത്തിന്റെ ഭവന വായ്പയ്ക്ക് 15 മാസത്തേക്ക് റീപെയ്‌മെന്റ് ഹോളിഡേ, 2020 ഓഗസ്തില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി പ്രകാരം വാങ്ങിയിരുന്നുവെങ്കില്‍, ഇപ്പോള്‍ വീണ്ടും ബാങ്കിനെ സമീപിച്ച് ആ കാലാവധി ഒന്‍പത് മാസം കൂടി ദീര്‍ഘിപ്പിക്കാം.

നേരത്തേയും ഇപ്പോള്‍ പ്രഖ്യാപിച്ചതുമായ വായ്പാ പുനഃക്രമീകരണ പദ്ധതി പ്രകാരം നേടിയെടുക്കുന്ന റീപെയ്‌മെന്റ് ഹോളിഡേ 24 മാസത്തില്‍ കൂടാന്‍ പാടില്ല.

നേരത്തേ വായ്പാ പുനഃക്രമീകരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ അതില്‍ തിരുത്തല്‍ വരുത്താനും 24 മാസം വരെ റീ പെയ്‌മെന്റ് ഹോളിഡേ ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.

വായ്പ എടുത്തവര്‍ ഈ ആശ്വാസ നടപടികള്‍ ഉപയോഗിച്ച് അവരുടെ പ്രതിമാസ തിരിച്ചടവുകള്‍ കുറയ്ക്കാനായി ശ്രമിക്കണം.

2. വര്‍ക്കിംഗ് കാപ്പിറ്റല്‍ വായ്പകള്‍

നേരത്തേ വായ്പാ പുനഃക്രമീകരണം നടത്തിയ എംഎസ്എംഇ, ചെറു ബിസിനസുകള്‍ എന്നിവയുടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിള്‍, മാര്‍ജിന്‍ എന്നിവ പുനഃപരിശോധിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതൊരു ഒറ്റത്തവണ ആശ്വാസ നടപടിയാണ്. ശരിയായ വിധം ഇത് ഉപയോഗപ്പെടുത്തിയാല്‍ കോവിഡ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടനവധി എംഎസ്എംഇ യൂണിറ്റുകള്‍ക്ക് വര്‍ക്കിംഗ് കാപ്പിറ്റലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനാകും.

വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിളിന്റെ പരിധി നീട്ടല്‍, മാര്‍ജിന്‍ കുറയ്ക്കല്‍ എത്ര വരെയാകാമെന്നതിനെ കുറിച്ച് വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ വന്നിട്ടില്ല. വിശദമായ മാര്‍ഗരേഖകള്‍ വന്നാല്‍ മാത്രമേ ഇത് എത്രമാത്രം മെച്ചം ലഭിക്കുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കൂ.
വായ്പ ഉള്ളവര്‍ എന്തുചെയ്യണം?
വായ്പ എടുത്തവരും നിലവില്‍ ആശ്വാസം തേടുന്നവരും അവരവരുടെ ബാങ്കിനെ സമീപിച്ച് ഇന്നത്തെ ആശ്വാസ നടപടികളുടെ വെളിച്ചത്തില്‍ എന്തൊക്കെ പിന്തുണ ലഭിക്കുമെന്ന് ചോദിച്ചറിയുക. ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ലാഭക്ഷമതയേക്കാള്‍ പ്രധാനം കാഷ് ഫ്‌ളോയാണ്. വായ്പ എടുത്തവര്‍, അത് വ്യക്തികളാകട്ടേ സംരംഭങ്ങളാകട്ടേ, ഹ്രസ്വ- ഇടത്തരം കാലഘട്ടത്തിലുണ്ടാകാനിടയുള്ള അവരുടെ കാഷ് ഫ്‌ളോയെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കണക്കുകൂട്ടല്‍ നടത്തുക. അതിനനുസൃതമായി വായ്പാ പുനഃക്രമീകരണ പദ്ധതി സ്വീകരിക്കുക.

നിങ്ങളുടെ കൈവശം എത്രമാത്രം പണം ബിസിനസ് ആവശ്യങ്ങള്‍ക്കും അടിയന്തിര ഘട്ടത്തിലും വിനിയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചുവെയ്ക്കാനാകും എന്നത് നോക്കി അതിസൂക്ഷ്മമായി പുനഃക്രമീകരണ പാക്കേജുകള്‍ ആസൂത്രണം ചെയ്യുക

(കൂടുതല്‍ വിവരങ്ങള്‍ക്ക് ലേഖകനുമായി നേരില്‍ സംസാരിക്കാം. ഫോണ്‍: 75588 91177, ഇ മെയ്ല്‍: jizpk@yescalator.com)


Jiz P Kottukappally
Jiz P Kottukappally  

യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ജിസ് പി കൊട്ടുകാപ്പള്ളി

Related Articles

Next Story

Videos

Share it