സൗജന്യ യുപിഐ സേവനങ്ങള്‍ അവസാനിക്കുമോ, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ആര്‍ബിഐ

ഫോണ്‍പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ ആരാഞ്ഞ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ആര്‍ബിഐ ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കി. കൈമാറ്റം ചെയ്യപ്പെടുന്ന തുകയെ അടിസ്ഥാനമാക്കി വിവിധ സ്ലാബുകളില്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നതാണ് പരിഗണിക്കുക.

നിലവില്‍ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സൗജന്യമാണ്. യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്റ്റി, ആര്‍ടിജിഎസ്, ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് പേയ്‌മെന്‍ ഇന്‍സ്ട്രമെന്റ്‌സ് ഉള്‍പ്പടെയുള്ളവയ്ക്ക് ഈടാക്കേണ്ട ഫീസ് സംബന്ധിച്ച് ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. 800 രൂപയുടെ യുപിഐ ഇടപാടിന് സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന് രണ്ട് രൂപ നിലവില്‍ ചെലവാകുന്നുണ്ട് എന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. വിഷയത്തില്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന് ഒക്ടോബര്‍ മൂന്ന് വരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. നേരത്തെ 2020 ജനുവരി മുതല്‍ കേന്ദ്രസര്‍ക്കാര്‍ യുപിഐ ഇടപാടുകള്‍ സീറോ-ചാര്‍ജ് ഫ്രെയിംവര്‍ക്കിന് കീഴില്‍ കൊണ്ടുവന്നിരുന്നു.

യുപിഐ-റുപെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) രണ്ട് ശതമാനം ആക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിരുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് കച്ചവടക്കാര്‍ ബാങ്കുകള്‍ക്കും നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കുന്ന തുകയാണ് എംഡിആര്‍. ഈ തുക ഈടാക്കിയില്ലെങ്കില്‍ ബാങ്കുകള്‍ക്കും മറ്റും ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകില്ലെന്നും ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്നോട്ട് പോവുമെന്നുമാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it