Begin typing your search above and press return to search.
സൂക്ഷിക്കുക! ലോണ്‍ ആപ്പുകള്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്നതായി റിപ്പോര്‍ട്ട്
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ജനങ്ങളെ കെണിയിലാക്കുന്ന പല ചൈനീസ് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍/ വിദേശ നിര്‍മിത ആപ്പ് വ്യാജന്മാര്‍ ഇപ്പോഴും കറങ്ങി നടക്കുന്നതായി സൈബര്‍ സേനയുടെ കണ്ടെത്തല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആപ്പുകളിലൂടെ കടമെടുത്ത് പിന്നീടുള്ള ഭീഷണികളില്‍ മനം മടുത്തി നിരവധി പേര്‍ ആത്മഹത്യ ചെയ്തതായി പോലീസ് റിപ്പോര്‍ട്ട്. ഇവര്‍ രാജ്യത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം തെലങ്കാനയില്‍ നിന്നുള്ള 28 കാരനു പിന്നാലെ ഇന്‍ഡോറിലുള്ള യുവതിയും ആത്മഹത്യ ചെയ്തത് ഈ 'ആപ്പി'ല്‍ കുരുങ്ങിയെന്നാണ് നിഗമനം. ആപ്പുകള്‍ വഴി എളുപ്പത്തില്‍ ലോണ്‍ എടുക്കാം എന്നതിനാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പ്രവണത കൂടി വരികയാണ്. ഇന്‍ഡോറിലെ യുവതിയുടെ കേസില്‍ തിരിച്ചടവ് മുടങ്ങിയതിന് അവരുമായി ബന്ധപ്പെട്ട എല്ലാ ആളുകളുമായും വായ്പയെ സംബന്ധിച്ച് അറിയിക്കുകയും തുടര്‍ച്ചയായി ഫോണ്‍ വിളിക്കുകയും അവഹേളിക്കുകയുമാണുണ്ടായതെന്ന് സൈബര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
വെറും 20,000 രൂപ ലോണ്‍ എടുത്തതിനാണ് ഇവര്‍ക്ക് ജീവന്‍ പോലും വെടിയേണ്ടി വന്നതത്രേ. ഫോട്ടോകള്‍ ദുരുപയോഗം ചെയ്തതായും വീട്ടിലേക്ക് കളക്ഷന്‍ ഏജന്റുകളെ വിടുമെന്ന് ഭീഷണി പെടുത്തിയതായും കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ പോലും തന്റെ വായ്പയുടെ കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്നുമാണ് ഇവരുടെ മരണക്കുറിപ്പ്.
ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 19 പേരെയാണ് സൈബര്‍ ഫ്രോഡ് ആപ്പ് കേസില്‍ വിഭാഗം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ രാജ്യം മുഴുവന്‍ ഇത്തരം സംഘങ്ങള്‍ വലവിരിച്ചിരിക്കുന്നതായാണ് പോലീസ് പറയുന്നത്. ഈ ലോണ്‍ ആപ്ലിക്കേഷനുകള്‍ ഒരു പ്രധാന ഭീഷണിയായി മാറിയിരിക്കുകയാണ്. അവയില്‍ പലതും റെഗുലേറ്ററി പരിധിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതയുള്ള ഉറവിടങ്ങളാണെന്നും ഈ വിഷയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധര്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം ആപ്പുകള്‍ തടയിടുകയാണ് വേണ്ടത്.
ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ ഈ അടുത്തും അനധികൃത ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും കണ്ടെത്തി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓരോ ദിവസവും ഇത്തരം ആപ്പുകള്‍ വര്‍ധിച്ചുവരുന്നതായും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവരില്‍ പ്രചരിക്കുന്നതായുമാണ് കണ്ടെത്താന്‍ കഴിയുന്നതെന്ന് ഹൈദരാബാദ് സൈബര്‍ വിഭാഗം കമ്മീഷണര്‍ സജ്ജനാര്‍ വ്യക്തമാക്കുന്നു. തെലങ്കാനയില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളില്‍ മൂന്നെണ്ണവും ഇത്തരത്തിലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറയുന്നു.
മതിയായ സ്‌കോര്‍ ഇല്ലാത്ത വ്യക്തികള്‍ക്കും ഫിന്‍ടെക് വായ്പ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വിശകലനം ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതിലൂടെ, വ്യക്തിയുടെ തിരിച്ചടവ് ശേഷിയെക്കുറിച്ച് അവര്‍ക്ക് ഒരു ആശയം ലഭിക്കും. ഇതേ സൗഫ്റ്റ് വെയര്‍ സഹായങ്ങളാണ് ലോണ്‍ ആപ്പ് കമ്പനികളും പരമാവധി ഉപയോഗപ്പെടുത്തുന്നത്. പരമാവധി പെട്ടെന്ന് വായ്പ നല്‍കുന്ന ഇവര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ എല്ലാ റിസര്‍വ് ബാങ്ക് നിയമങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഡേറ്റ ബേയ്‌സിലൂടെ വായ്പയെടുക്കുന്നവരുമായി ബന്ധമുള്ളവരെ പോലും ഇവര്‍ക്ക് എളുപ്പത്തില്‍ തേടിപ്പോകാനാകും എന്നതും കെണിയൊരുക്കുന്ന ഘടകമാണ്. മാത്രമല്ല ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന പോളിസികള്‍ കൃത്യമായി വായിക്കാതെയാണ് യുവാക്കള്‍ കെണിയില്‍ വീഴുന്നത്. ഗാലറിയും കോണ്‍ടാക്റ്റ് ലിസ്റ്റ് അടക്കമുള്ളവയിലേക്കുള്ള ആക്‌സസ് പോലും അശ്രദ്ധമായി ഇവര്‍ 'എഗ്രീ' ബട്ടന്‍ കൊടുത്തു പോകുന്നു. ഇത്തരത്തിലുള്ള ചെറിയ ചില അശ്രദ്ധകളാണ് പിന്നീട് വന്‍ കെണിയിലേക്ക് കൊണ്ടെത്തിക്കുന്നത്. പരമാവധി ഇത്തരം ആപ്പുകളിലൂടെ ഉള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പോകാതെ ഇരിക്കാനാണ് അധികൃതര്‍ അറിയിക്കുന്നത്.
Next Story
Videos