സ്ഥിരത,വിശ്വാസം,വികസനം; സാങ്കേതിക വിദ്യക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുമെന്ന് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
സ്ഥിരത, വിശ്വാസം, വികസനം. ഇതായിരിക്കും റിസര്‍വ് ബാങ്കിന്റെ മുന്നോട്ടുള്ള പാതയിലെ പ്രധാന ആശയങ്ങളെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഗവര്‍ണറായി ഇന്ന് ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന റിസര്‍വ് ബാങ്കിന്റെ പാരമ്പര്യവും യശസും ഉയര്‍ത്തി പിടിച്ചു കൊണ്ടു തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ ശ്രമം ആവശ്യമാണ്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും വിശ്വാസത്തിലെടുത്തുള്ള നിലപാടുകളാണ് ആവശ്യം. അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ ഉള്‍കൊണ്ട് വികസനം
സാമ്പത്തിക നയങ്ങളില്‍ സ്ഥിരത അത്യാവശ്യമാണ്. അതിന്റെ തുടര്‍ച്ചയും ഉറപ്പാക്കും. നികുതി, സാമ്പത്തിക നയം തുടങ്ങിയ കാര്യങ്ങളില്‍ ഇത് രണ്ടും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. റിസര്‍വ് ബാങ്ക് ഇതുവരെ നിലനിര്‍ത്തിയ വിശ്വാസം തുടരേണ്ടതുണ്ട്. ബാങ്കിന്റെ സേവനങ്ങള്‍ രാജ്യത്തിന്റെ വിദൂര കോണുകളില്‍ പോലും ലഭ്യമാക്കി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും അവരുടെ വിശ്വാസം നിലനിര്‍ത്തുകയും ചെയ്യും. അതിവേഗത്തില്‍ മാറികൊണ്ടിരിക്കുന്ന ലോകത്ത് മാറ്റങ്ങളെ ഉള്‍കൊണ്ടുള്ള വികസനമാണ് ആവശ്യം. ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതികളും കാലാവസ്ഥാ വ്യതിയാനവും തിരിച്ചറിഞ്ഞുള്ള സാമ്പത്തിക നയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
സാങ്കേതിക വിദ്യയുടെ പിന്തുണ
സാങ്കേതിക വിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയുള്ള വളര്‍ച്ചയാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ യു.പി.ഐ സംവിധാനം വിവിധ രാജ്യങ്ങളിലേക്ക് വളരുന്നുണ്ട്. സാങ്കേതിക മികവോടെ ഇത്തരം സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തണം. സാമ്പത്തിക രംഗത്തെ വിജ്ഞാന സമാഹരണം, സാമ്പത്തികമായ ഉള്‍പ്പെടുത്തല്‍, വിവര വിതരണം എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും. ബാങ്കിംഗ് മേഖലയിലെ സാങ്കേതിക കണ്ടുപിടുത്തങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.