ഇൻ്റര്‍നെറ്റില്ലാതെ പണമയയ്ക്കല്‍; മാര്‍ഗരേഖ പുറത്തിറക്കി ആര്‍ബിഐ

രാജ്യത്ത് ഇൻ്റര്‍നെറ്റില്ലാതെ ചെറിയ തുകകള്‍ ഡിജിറ്റലായി കൈമാറുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). പണം നല്‍കുന്ന ആളും സ്വീകരിക്കുന്നയാളും മുഖാമുഖം കണ്ടുകൊണ്ടുള്ള ഇടപാടുകള്‍ക്ക് ആയിരിക്കും ഓഫ്‌ലൈന്‍ സൗകര്യം (ഇൻ്റര്‍നെറ്റ് ഇല്ലാതെ) ഒരുക്കുക. ഒരു തവണ പരമാവധി 200 രൂപയാണ് കൈമാറാന്‍ സാധിക്കുക.

പ്രീപെയ്ഡ് ആയി നേരത്തെ റീചാര്‍ജ് ചെയ്ത തുക ഉപയോഗിച്ചാകും ഇടപാട്. ഇത്തരത്തില്‍ ആകെ 20,00 രൂപവരെ അയക്കാം. പണം തീരുമ്പോള്‍ വീണ്ടും ഓണ്‍ലൈനായി ചാര്‍ജ് ചെയ്യണം. ഓഫ് ലൈന്‍ ഇടപാടിന് എഎഫ്എ (ഫാക്ടര്‍ ഓഫ് ഓതൻ്റിക്കേഷന്‍ ) ഉണ്ടാകില്ലെങ്കിലും റീചാര്‍ജ് ചെയ്യുന്നതിന് ഇത് ആവശ്യമായി വരും.

കാര്‍ഡ്, മൊബൈല്‍ ഫോണ്‍, വാലറ്റ് എന്നിവ ഉപയോഗിച്ച് ഓഫ്‌ലൈന്‍ ഇടപാടുകള്‍ നടത്താം. കൈമാറ്റ വിവരങ്ങള്‍ അതാത് സമയത്ത് ബാങ്കുകള്‍ ഉപഭോക്താവിനെ അറിയിക്കണം. ഉപഭോക്താക്കള്‍ക്ക് സേവനം സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന് നല്‍കാവുന്നതാണ്.

2020 സെപ്റ്റംബര്‍ മുതല്‍ 2021 ജൂണ്‍വരെ നടത്തിയ മൂന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്കുള്ള മാര്‍ഗരേഖ പ്രഖ്യാപിച്ചത്. 2.41 ലക്ഷം ഇടപാടുകളിലായി 1.16 കോടി രൂപയുടെ കൈമാറ്റമാണ് ഈ പരീക്ഷണങ്ങളില്‍ നടന്നത്.

അകലെ നിന്ന് ഓഫ്‌ലൈന്‍ ആയി പണം അയക്കുന്ന രീതിയും പരീക്ഷണ സമയത്ത് അനുവദിച്ചിരുന്നു. ഇൻ്റര്‍നെറ്റ് ലഭ്യത കുറഞ്ഞ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it