വന്‍കുതിപ്പ്, അറ്റാദായത്തില്‍ 1018 ശതമാനം വര്‍ധനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ 115.35 കോടി രൂപയുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 10.31 കോടി രൂപയായിരുന്ന ലാഭത്തില്‍ നിന്നും 1018.82 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. കിട്ടാക്കടങ്ങള്‍ക്ക് വകയിരുത്തേണ്ടി വന്ന തുക ഗണ്യമായി കുറഞ്ഞതാണ് വരുമാനം കുറവായിട്ടും ലാഭം കുതിച്ചുയരാന്‍ കാരണം. 2021 ലെ ജൂണ്‍ പാദത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 17.92 ശതമാനം വര്‍ധിച്ച് 30,335 കോടി രൂപയായി.

കാസ അനുപാതം 399 പോയ്ന്റുകള്‍ വര്‍ധിച്ച് 34.39 ശതമാനത്തിലെത്തി. സേവിങ്സ് നിക്ഷേപം 18.12 ശതമാനവും കറന്റ് നിക്ഷേപം 16.86 ശതമാനവും വര്‍ധിച്ച് യഥാക്രമം 25457 കോടി രൂപയും 4878 കോടി രൂപയിലുമെത്തി. കോര്‍ നിക്ഷേപങ്ങള്‍ 8.11 ശതമാനം വര്‍ധിച്ച് 86,460 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 3.50 ശതമാനം വര്‍ധിച്ച് 27598 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11.32 ശമതാനം വര്‍ധിച്ച് മുന്‍വര്‍ഷത്തെ 542 കോടിയില്‍ നിന്നും ഇക്കുറി 603 കോടി രൂപയിലെത്തി. മൊത്തം വായ്പകളില്‍ 10.95 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള കമ്പനി രേഖപ്പെടുത്തിയത്.
ബിസിനസ് നയങ്ങള്‍ പുന:ക്രമീകരിച്ച് നടപ്പിലാക്കിയത്, പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റ്, ബിസിനസ്, വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍ എന്നിവയില്‍ ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും, ലക്ഷ്യമിട്ടതു പോലെ കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മൂലധന പര്യാപ്തതാ അനുപാതം 15.47 ശതമാനത്തില്‍ നിന്നും 16.25 ശതമാനമായാണ് വര്‍ധിച്ചത്. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 8.02 ശതമാനത്തില്‍ നിന്നും 5.87 ശതമാനമാക്കിയും അറ്റ നിഷ്‌ക്രിയ ആസ്തി 5.05 ശതമാനത്തില്‍ നിന്നും 2.87 ശതമാനമാക്കിയും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. നീക്കിയിരുപ്പ് അനുപാതം 60.11 ശതമാനത്തില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ 70.11 ശതമാനമായി വര്‍ധിച്ചു.
ബാങ്ക് നടപ്പിലാക്കിയ മികച്ച റിക്കവറി സംവിധാനത്തിലൂടെ പുതിയ കിട്ടാക്കടങ്ങള്‍ മുന്‍ വര്‍ഷത്തെ 879 കോടി രൂപയില്‍ നിന്ന് 48.67 ശതമാനം കുറഞ്ഞ് 435 കോടി രൂപയിലെത്തിക്കാന്‍ ബാങ്കിന് സാധിച്ചുവെന്ന് മുരളി രാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതികൂല സാഹചര്യങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ വിശാലമായ വിതരണശൃംഖലയും സാങ്കേതിക ശേഷിയും ഉപയോഗപ്പെടുത്തി അടുത്ത പാദങ്ങളിലും കൂടുതുല്‍ ലാഭ അവസരങ്ങളെ ബാങ്കിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  
Next Story
Share it