'പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം'

ബാങ്കുകളിന്മേലുള്ള സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മിതപ്പെടുത്തണമെന്ന് ബാങ്ക് ഓഫ് ബറോഡ ചെയര്മാന് രവി വെങ്കടേശന്.
നിലവിലെ നിയന്ത്രണങ്ങള്‍ പൊതുമേഖലാ ബാങ്കുകളെ പതുക്കെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെര്‍ഗിന് നല്കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നയങ്ങള്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അകറ്റികൊണ്ടിരിക്കുകയാണ്. മാത്രമല്ല, കിട്ടാക്കടം പോലുള്ള ഗൗരവതരമായ വിഷയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴും സര്‍ക്കാരിന്റെ നയങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് രവി വെങ്കടേശന് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് നന്നായി നടക്കുന്ന കുറച്ച് നല്ല മൂലധന ശേഷിയുള്ള ബാങ്കുകളെയാണ്. അല്ലാത്തപക്ഷം പൊതുമേഖലാ ബാങ്കുകള്‍ മാര്‍ക്കറ്റ് ഷെയറും മൂലധനവും നഷ്ടപ്പെട്ട് മൃതപ്രായരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ഇപ്പോള്‍ത്തന്നെ 70 ശതമാനം നിക്ഷേപങ്ങളും സ്വകാര്യ ബാങ്കുകളുടെ കൈകളിലേക്ക് പോയിട്ടുണ്ട്. 2020 ഓടെ അവ 80 ശതമാനം ലോണുകളും കയ്യടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഫലത്തില്‍ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.