സ്വര്‍ണത്തിന് മിസൈല്‍ കുതിപ്പ്; എവിടെച്ചെല്ലും, ഈ പോക്ക്!

ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കേരളത്തിലും സ്വര്‍ണ വിലയിലെ തുടര്‍ച്ചയായ മുന്നേറ്റത്തിലാക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് സ്വര്‍ണ വില ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,225 രൂപയിലാണ് വ്യാപാരം. പവന്‍ 640 രൂപ വര്‍ധിച്ച് 57,800 രൂപയുമെത്തി.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി.
ഈ ആഴ്ചയില്‍ മാത്രം 2,320 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. കഴിഞ്ഞ നവംബർ 14ന് പവന്‍ വില 55,480 രൂപ വരെ താഴ്ന്നതാണ്. വില കുറഞ്ഞ് നിന്നപ്പോള്‍ ജുവലറികളുടെ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ക്ക് 2,320 രൂപയുടെ ലാഭമുണ്ടായി.

വില വര്‍ധനയ്ക്ക് പിന്നില്‍

റഷ്യ-യുക്രൈന്‍ യുദ്ധമാണ് പ്രധാനമായും സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. പൊതുവേ യുദ്ധം പോലുള്ള രാഷ്ട്രീയ അനിശ്ചിതത്വ നാളുകളില്‍ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വര്‍ണത്തെയാണ്. നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റും. ഇത് സ്വാഭാവികമായും വില ഉയര്‍ത്തും.
റഷ്യയ്ക്ക് നേരെയുള്ള യുക്രൈന്റെ മിസൈല്‍ ആക്രമണവും തിരിച്ചടിക്കാനുള്ള റഷ്യയുടെ നീക്കങ്ങളുമെല്ലാം യുദ്ധം കൂടുതല്‍ രൂക്ഷമാകാനുള്ള സൂചനയാണ് നല്‍കുന്നത്.
ഇതിനൊപ്പം യു.എസ് ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നു. ഡോളറിലാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത്. ഡോളര്‍ ഇടിയുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ കൂടുതല്‍ സ്വന്തമാക്കാനാകും. ഇത് വില്‍പ്പന ഉയര്‍ത്താന്‍ ഇടയാക്കുകയും ഇതുവഴി വില മുന്നേറ്റത്തിലാകുകയും ചെയ്യും.
യു.എസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ കുറയുമ്പോള്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകുകയും അത്തരം മാര്‍ഗങ്ങളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ചുവടുമാറുകയും ചെയ്യും.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സമീപ ഭാവിയില്‍ സ്വര്‍ണം വീണ്ടും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. അന്താരാഷ്ട്ര വില നംവബര്‍ 18 മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് ഔണ്‍സിന് 2,685 ഡോളറിലാണ് വ്യാപാരം കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച 2,790
ഡോളറാണ്‌
ഇതു വരെയുള്ള റെക്കോഡ്. ഈ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പുതിയ റെക്കോഡ് താണ്ടാനുള്ള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്.

സ്വര്‍ണാഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്റെ വില 57,800 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 62,564 രൂപ വേണം ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.

Related Articles
Next Story
Videos
Share it