പൊന്നിന് വീണ്ടും യുദ്ധ കുതിപ്പ്, കേരളത്തില്‍ പവന്‍ വില 560 രൂപ ഉയര്‍ന്നു, വില ഇനിയും കൂടുമോ?

സംസ്ഥാനത്ത് ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടി സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,160 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 57,280 രൂപയുമായി. ഇന്നലെ ഒരു ദിവസത്തെ നേരിയ ഇടിവിനു ശേഷമാണ് സ്വര്‍ണം വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരിച്ചെത്തുന്നത്.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം. രണ്ടു ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും മുന്നോട്ടാണ്. ഗ്രാമിന് ഒരു രുപ കൂടി 97 രൂപയിലെത്തി.

ആഗോള പ്രശ്‌നങ്ങള്‍ ആശങ്ക

രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. റഷ്യ-യുക്രൈന്‍, ലബനന്‍-ഇസ്രായേല്‍ യുദ്ധങ്ങളും അമേരിക്കയില പലിശ നിരക്ക് ആശങ്കളും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷമുണ്ടായേക്കാവുന്ന വ്യാപാരയുദ്ധവും ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണത്തെ ബാധിക്കുന്നത്.
ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഹുസ്ബുള്ള അംഗങ്ങള്‍ നുഴഞ്ഞു കയറിയെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രത്യാക്രമണം നടത്തി.
യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പകരം റഷ്യയും വ്യോമാക്രമണം നടത്തി. യുക്രൈന്റെ ഭരണ സിരാകേന്ദ്രങ്ങളില്‍ റഷ്യയുടെ ബാലിസിറ്റക് മിസൈലുകള്‍ പതിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം കനക്കുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. യുദ്ധവും മറ്റ്
രാഷ്ട്രിയ അനിശ്ചിതത്വങ്ങളും സുര ക്ഷിത നിക്ഷേപമെന്ന
നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്.
നവംബര്‍ 25ന് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനു ശേഷം തുടര്‍ച്ചയായ നാലാം ദിവസവും അന്താരാഷ്ട്ര വില നേട്ടത്തിലാണ്. ഇന്നലെ ഔണ്‍സിന് 2,640.96 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 2,658 ഡോളറിലേക്ക് കയറി.
അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക കണക്കുകളും സ്വര്‍ണം വിപണിയില്‍ വ്യതിയാനമുണ്ടാക്കുന്നുണ്ട്. ട്രംപ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് വ്യാപാര യുദ്ധത്തിനു വഴിതുറക്കുമെന്ന ആശങ്കകളും ശക്തമാണ്.

കേരളത്തില്‍ ആഭരണത്തിന് വില

ഇന്ന് ഒരു പവന്റെ വില 56,280 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 62,000 രൂപയ്ക്ക് മേൽ വേണം ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.

Related Articles
Next Story
Videos
Share it