Begin typing your search above and press return to search.
കെ.എസ്.ആര്‍.ടി.സി 14 ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങും
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. പരമ്പരാഗത ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാകും റസ്റ്റോറന്റുകള്‍.
ദീര്‍ഘദൂര ബസുകളിലും മറ്റ് യാത്ര ചെയ്യുന്നവര്‍ക്ക് റസ്റ്ററന്റുകളില്‍ നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടൂര്‍, കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, എടപ്പാള്‍, ചാലക്കുടി, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചാത്തന്നൂര്‍, അങ്കമാലി, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം, തൃശൂര്‍ ഡിപ്പോകളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 1,000 ചതുരശ്ര അടി മുതല്‍ 4,100 ചതുരശ്ര അടി വരെ സ്ഥലം ലഭ്യമാണ്.
ശുചിമുറികൾ നിർബന്ധം
ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ നല്‍കുന്ന എ.സി, നോണ്‍ എ.സി റസ്‌റ്റോറന്റുകള്‍ ആരംഭിക്കാം. സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകമായി ശുചിമുറികള്‍ റസ്റ്റോറന്റിനോട് അനുബന്ധിച്ചുണ്ടാകണം. ഉച്ചയ്ക്ക് ഊണ് ലഭ്യമാക്കണം. അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനവും ഉണ്ടായിരിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള പലചരക്ക് സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്.
സംരംഭത്തെ സംബന്ധിച്ച് ഒരു പ്രീബിഡ് മീറ്റിംഗ് 20ന് നടക്കും. താത്പര്യപത്രങ്ങള്‍ 28ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188619367, 9188619384. ഇ മെയില്‍: estate@kerala.gov.in
Next Story
Videos