

കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി കേരളത്തിന്റെ നിര്‍മാണ, ഹോട്ടല്‍ മേഖലകളില്‍ അതിഥി തൊഴിലാളികളുടെ സാന്നിധ്യമാണ് സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങിയാല്‍ മിക്ക മേഖലകളും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ബംഗാള്‍, അസം നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കൂട്ടത്തോടെ തൊഴിലാൡകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സമയത്ത് വലിയ പ്രതിസന്ധി ഒട്ടുമിക്ക മേഖലകളെയും ബാധിക്കുകയും ചെയ്തു.
ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അധികാരമാറ്റം സംഭവിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി ഭരണത്തിലെത്തുകയും ചെയ്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ തോതില്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ അടക്കം നടത്തുന്ന പദ്ധതികള്‍ വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നു.
സ്വന്തം നാട്ടില്‍ തന്നെ ഭേദപ്പെട്ട കൂലി ലഭിക്കുമെന്നതിനാല്‍ ബംഗാളികളുടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞിട്ടുണ്ട്. നിര്‍മാണ മേഖലയിലും ഏലത്തോട്ടങ്ങളിലും പണിയെടുക്കുന്ന പല ബംഗാളികളും തിരഞ്ഞെടുപ്പിന് ശേഷം തിരികെ വന്നിട്ടില്ലെന്ന് തൊഴിലുടമകള്‍ പറയുന്നു.
2024ല്‍ ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇവിടേക്ക് കൂടുതല്‍ കേന്ദ്ര പദ്ധതികളും നിക്ഷേപങ്ങളും എത്തിയിരുന്നു. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടക്കി കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള ഒഡീഷക്കാരെ നാട്ടിലെത്തിച്ച് നൈപുണ്യ പരിശീലനവും സ്വന്തം നാട്ടില്‍ തന്നെ തൊഴിലും നല്കാനാണ് സര്‍ക്കാരിന്റെ ബൃഹത് പദ്ധതി. ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ മൂന്നു മുതല്‍ നാലു ലക്ഷം വരെ ഒഡീഷ സ്വദേശികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഒഡീഷക്കാര്‍ പ്രധാനമായും എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിലെ നിര്‍മാണ, പ്ലൈവുഡ്, തടിവ്യവസായ, മത്സ്യബന്ധന, ഹോട്ടല്‍ മേഖലകളിലാണ് ജോലി ചെയ്യുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കൂലി കിട്ടി തുടങ്ങുന്നത് കേരളത്തിലുള്ള തൊഴിലാളികളെ സ്വദേശത്തേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ സകല മേഖലകളിലും പ്രശ്‌നത്തിലാക്കാന്‍ ഇതു കാരണമായേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine