ഇനി മുടിയില്‍ നിന്നും വളം; സംസ്ഥാനത്തെ പുതിയ പദ്ധതി ഇങ്ങനെ
വെട്ടിയ മുടിയുടെ വേസ്റ്റില്‍ നിന്നും അമിനോ ആസിഡും വളവുമുണ്ടാക്കാന്‍ സംസ്ഥാന പദ്ധതി. കേട്ടാല്‍ വളരെ അസാധാരണമെന്നു തോന്നുമെങ്കിലും മുടി ഉപയോഗിച്ച് അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതി വിജയിച്ചാല്‍, ഇതുവരെ മൂലയ്ക്കു തള്ളിയിരുന്ന മുടിക്ക് ഇനി 'പൊന്നുംവില'യാവും. മുടിയിലെ കെരാറ്റിന്‍ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതാണു പദ്ധതി. നിലവില്‍ ഇത്തരത്തില്‍ വിദേശത്തു നിന്നിവിടെ എത്തുന്ന വളങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.
ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. അമിനോ ആസിഡും വളവുമാക്കി വില്‍ക്കുമ്പോള്‍ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ. മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം.
മുടി സംസ്‌കരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കും. പ്രവാസി മലയാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചു കൊണ്ടാണ് 25 കോടി രൂപ വരുന്ന പദ്ധതി നടത്തിപ്പെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.