തോഷിബയുടെ ലിഥിയം ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിനും

ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് കേരളവുമായി സഹകരിക്കുന്നതിന് തോഷിബ കമ്പനി തയ്യാറാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു.

ഇലക്ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് അയണ്‍ ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന്് ലോകപ്രശസ്ത ബാറ്ററി നിര്‍മ്മാണ കമ്പനിയായ തോഷിബ കമ്പനി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച് നടത്തി. താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ടൊമോഹികോ ഒകാഡയാണ് മുഖ്യമന്ത്രിക്കു കൈമാറിയത്.

ജപ്പാനിലെ നിക്ഷേപകര്‍ക്ക് കേരളത്തില്‍ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ഉല്‍പാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉള്‍പ്പെടെ കേരളത്തില്‍ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓര്‍ഗനൈസേഷന്‍ കേരളത്തില്‍ ഒരു ഓഫീസ് തുടങ്ങണമെന്ന നിര്‍ദ്ദേശവും അദ്ദേഹം സമര്‍പ്പിച്ചു.

കേരളത്തില്‍ നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജപ്പാന്‍ സംരംഭകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യവസായം,ഗതാഗതം,മത്സ്യമേഖല ,മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ കേരളത്തിന്റെ അനുഭവങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തില്‍ പങ്കെടുത്തു.
സംഗമം ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് കെ വര്‍മ ഉദ്ഘാടനം ചെയ്തു. ജപ്പാനിലെ ഇന്ത്യന്‍ എംബസിയും ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it