മിഥുന്‍ കെ. ചിറ്റിലപ്പള്ളി പുതിയ ലോഗോ അനാവരണം ചെയ്യുന്നു

നാല്‍പ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ ഇടം നേടിയിരിക്കുന്ന ഒരു ബ്രാന്‍ഡിനെ എങ്ങനെയാണ് പുതിയ കാലത്തിന് യോജിച്ച വിധം പുനരവതരിപ്പിക്കുക? ഈ ചോദ്യത്തിന് സ്വയമൊരു മാതൃകയായിരിക്കുന്ന ദേശീയ, രാജ്യാന്തരതലത്തിലെ കേരളത്തിന്റെ അഭിമാനമായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. ''ജീവിതം ആരംഭിക്കുന്നത് 40കളിലാണെന്ന് പറയാറുണ്ട്. വി ഗാര്‍ഡില്‍ അത് അക്ഷരം പ്രതി ശരിയാണ്,'' പുതിയ മുന്നേറ്റത്തെ കുറിച്ച് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറയുന്നതിങ്ങനെ.

വോള്‍ട്ടേജ് വ്യതിയാനത്തില്‍ നിന്ന് ഇലക്ട്രിക്കല്‍ ഗൃഹോപകരങ്ങളെ സംരക്ഷിക്കാനായുള്ള സ്റ്റെബിലൈസര്‍ എന്ന ഏക ഉല്‍പ്പന്നവുമായി നാല്‍പ്പത് വര്‍ഷം മുമ്പ് വിപണിയിലെത്തിയ വി ഗാര്‍ഡ് മാറിയത് മിഥുന്‍ വിശദീകരിക്കുന്നു.

ഇതൊരു കോസ്‌മെറ്റിക് ചെയ്ഞ്ചില്ല

നാല് പതിറ്റാണ്ടായുള്ള ബ്രാന്‍ഡ് ഐഡന്റിറ്റി മാറ്റുമ്പോള്‍ അതൊരു ബാഹ്യമായ സൗന്ദര്യാത്മകമായ മാറ്റമാകരുതെന്ന ഉറച്ച തീരുമാനമുണ്ടായിരുന്നു. മൗലികമായ മാറ്റത്തിനായിരുന്നു ശ്രമം. മൂന്ന് മൂന്നര വര്‍ഷമെടുത്തു ഈ മാറ്റത്തിന്. ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു, അവരുടെ താല്‍പ്പര്യങ്ങളെന്ത് എന്നെല്ലാം അറിയാനുള്ള വിവര ശേഖരണത്തിന് മാത്രം 6-8 മാസമെടുത്തു. അതിന്റെ എല്ലാം അടിസ്ഥാനത്തില്‍ രാജ്യാന്തര ഏജന്‍സിയാണ് ബ്രാന്‍ഡ് ഐഡന്റിറ്റി പുനര്‍രൂപകല്‍പ്പന ചെയ്തത്. ലോഗോയില്‍ മാത്രമൊതുങ്ങുന്ന മാറ്റമല്ല ഇത്. പുതിയ കാലത്തെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ബ്രാന്‍ഡാവുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ മാറ്റത്തില്‍ സുസജ്ജമായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ പിന്തുണയോടെ പുതുതലമുറ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തു. ഉല്‍പ്പന്നത്തിന്റെ രൂപഭാവം മുതല്‍ നല്‍കുന്ന സേവനം വരെ എല്ലാതലത്തിലും മാറ്റം കാതലായ മാറ്റം കൊണ്ടുവന്നു. പാക്കേജിംഗ്, റീറ്റെയ്ല്‍, സ്ഥാപനത്തിനുള്ളില്‍ തന്നെയുള്ള വര്‍ക്ക് സ്‌പേസ് ഉള്‍പ്പടെ എല്ലാം പുനഃസംഘടിപ്പിച്ചു.

ലക്ഷ്യം അടുത്ത നാല്‍പ്പത് വര്‍ഷം

അടുത്ത നാല്‍പ്പത് വര്‍ഷത്തെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഇപ്പോഴത്തെ ചുവടുവെപ്പുകള്‍. അതിന്റെ ഭാഗമായി പുതുതലമുറ ഉല്‍പ്പന്നങ്ങളും വി ഗാര്‍ഡ് അവതരിപ്പിക്കുകയാണ്. ലോകത്ത് എവിടെയിരുന്നു പ്രവര്‍ത്തിക്കാനാകുന്ന ഇന്റലിന്റ് വാട്ടര്‍ ഹീറ്ററായ വെറാനോ (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അടിസ്ഥാനമാക്കിയുള്ള ഗീസറുകള്‍) ഇന്‍വെര്‍ട്ടര്‍ ആപ്പ് ഉപയോഗിച്ച് എപ്പോഴും കണക്റ്റഡ് ആയിരിക്കാന്‍ പറ്റുന്ന സ്മാര്‍ട്ട് ഇന്‍വെര്‍ട്ടറുകള്‍, കടല്‍ത്തീരത്ത് ഇരിക്കുന്ന പോലുള്ള അനുഭവം വീടിന്റെ അകത്ത് കൊണ്ടുവരാന്‍ സഹായിക്കുന്ന സവിശേഷ ബ്രീസ് മോഡും എല്‍ഇഡി ലൈറ്റുകളോടും കൂടിയ സ്മാര്‍ട്ട് ഫാനുകളായ ഇമാജിന തുടങ്ങിവയെല്ലാം ഇതിന്റെ ഭാഗമായാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രാന്‍ഡ് അംബാസഡറെ നിയമിക്കാത്തത്

വി ഗാര്‍ഡിന് എന്തുകൊണ്ട് ബ്രാന്‍ഡ് അംബാസഡര്‍ ഇല്ലെന്ന് പലരും ചോദിക്കാറുണ്ട്. വി ഗാര്‍ഡിന്റെ സ്റ്റൈബിലൈസര്‍, വയര്‍ ആന്‍ഡ് കേബിള്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, ഇന്‍വെര്‍ട്ടര്‍ എന്നീ അഞ്ചാറ് വിഭാഗങ്ങള്‍ മൂന്നുറുകോടിക്കു മുകളില്‍ വിറ്റുവരവ് നേടുന്നുണ്ട്. ഇവര്‍ക്കെല്ലാം വെവ്വേറെ ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയമിക്കേണ്ടി വരും. അതിനായി എല്ലാത്തിനുമായി 30-35 കോടി രൂപയെങ്കിലും ചെലവിടേണ്ടിയും വരും. ആ തുക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനും മറ്റും ചെലവിട്ടാന്‍ അതല്ലേ കൂടുതല്‍ നല്ലത്. ഉത്തരേന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കും മുമ്പ് ഇത്തരമൊരു ആലോചന വന്നിരുന്നു. പക്ഷേ ബ്രാന്‍ഡ് അംബാസഡര്‍ ഇല്ലാതെ തന്നെ അവിടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാനും വിപണി സാന്നിധ്യം ശക്തമാക്കാനും സാധിച്ചു. മൊത്തം വിറ്റുവരവിന്റെ 62-63 ശതമാനം ദക്ഷിണേന്ത്യയില്‍ നിന്നാണ്. ബാക്കി ഇന്ത്യന്‍ വിപണികളെ നാലായി തിരിച്ചാല്‍ അവിടെയെല്ലാം തുല്യ വിപണി സാന്നിധ്യമുണ്ട്; വിറ്റുവരവും. വിറ്റുവരവിന്റെ 17 ശതമാനത്തോളം സ്റ്റബിലൈസര്‍ രംഗത്തുനിന്നാണ്.

ഫോട്ടോ ക്യാപ്ഷന്‍: മിഥുന്‍ കെ. ചിറ്റിലപ്പള്ളി പുതിയ ലോഗോ അനാവരണം ചെയ്യുന്നു. കമ്പനി ഡയറക്റ്ററും ചീഫ് ഓപ്പറേറ്റീവ് ഓഫീസറുമായ വി. രാമചന്ദ്രന്‍, സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് നന്ദഗോപാല്‍ നായര്‍ എന്നിവര്‍ സമീപം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it