ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 11

1. റഫാല്‍ ഇടപാട്: സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഇതിനിടെ കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയെന്ന് ഹിന്ദു ദിനപ്പത്രത്തിന്റെ റിപ്പോർട്ട് ആരോപിച്ചു. അതേസമയം ഇപ്പോൾ സിഎജി ആയ രാജീവ് മെഹ്റിഷി റഫാൽ ചർച്ചകൾ നടക്കുന്ന സമയത്തെ ധനകാര്യ സെക്രട്ടറിയായിരുന്നെന്നും അതിനാൽ സിഎജിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനുള്ള ധാർമികാവകാശം ഉണ്ടോയെന്നും കോൺഗ്രസ് ചോദ്യം ഉന്നയിച്ചു.

2. സിനിമ ടിക്കറ്റുകളുടെ വിനോദനികുതിക്ക് ഇളവ് പരിഗണിക്കും

ഇക്കഴിഞ്ഞ ബജറ്റിൽ സിനിമ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ധനമന്ത്രിയുമായും മന്ത്രിസഭാ യോഗത്തിലും ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സിനിമ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു വിനോദ നികുതി ഇളവിനു നിവേദനം നൽകിയ ശേഷമായിരുന്നു ചർച്ച. സിനിമ ടിക്കറ്റിനു 10% വിനോദ നികുതി ചുമത്തുമെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം.

3. ആർബിഐ കരുതൽ ശേഖരം തൽക്കാലം കൈമാറില്ല

ആർബിഐ കരുതൽ ധന ശേഖരം തൽക്കാലം സർക്കാരിന് കൈമാറില്ല. 2016-17 വർഷത്തിൽ 13,190 കോടി രൂപ കരുതലായി കേന്ദ്ര ബാങ്ക് മാറ്റി വെച്ചിരുന്നു. 2017-18-ൽ 14,190 കോടി റിസർവിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇടക്കാല ഡിവിഡന്റായി 28,000 കോടി രൂപ സർക്കാരിന് കൈമാറിയിരുന്നു.

4. ഹോണ്ട ബ്രയോ ഉൽപാദനം നിർത്തുന്നു

ജാപ്പനീസ് കാർ നിർമാണക്കമ്പനിയായ ഹോണ്ട തങ്ങളുടെ എൻട്രി-ലെവൽ ഹാച്ച്ബാക്കായ ബ്രയോയുടെ ഉത്പാദനം നിർത്തുന്നു. ഇന്ത്യൻ വിപണിയിൽ ഇനി ഹോണ്ട അമേസ് ആയിരിക്കും കമ്പനിയുടെ എൻട്രി-ലെവൽ ഓഫർ. 2001 സെപ്റ്റംബറിൽ ആണ് ഹോണ്ട ബ്രയോ വിപണിയിൽ അവതരിപ്പിച്ചത്. ഇതുവരെ ഏതാണ്ട് 97,000 യൂണിറ്റുകൾ വിറ്റിട്ടുണ്ട്.

5. നവി മുംബൈയിൽ മെഗാ ഫിൻടെക്ക് ഹബ് നിർമ്മിക്കാൻ അനിൽ അംബാനി

അനിൽ അംബാനി നയിക്കുന്ന റിലയൻസ് റിയൽറ്റി നവി മുംബൈയിൽ മെഗാ ഫിൻടെക്ക് ഹബ് നിർമ്മിക്കും. 30 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹബിനുള്ള അനുമതി മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുണ്ട്. കടത്തിൽപ്പെട്ട് പ്രവർത്തനം നിലച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്ന ധിരുഭായ് അംബാനി നോളേജ് സിറ്റിയിലാണ് മെഗാ ഹബ് വരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it