വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് പുതിയ 'ദേശീയ വിദ്യാഭ്യാസ നയം'

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പതിവിൽ കവിഞ്ഞ ഊന്നൽ കൊടുത്തു കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിമുടി അഴിച്ചു പണി നടപ്പിലാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം സർക്കാർ ഉടൻ കൊണ്ട് വരുമെന്ന് സീതാരാമൻ പറഞ്ഞു.

സ്‌കൂൾ, കോളേജ്, ഉന്നത വിദ്യാഭ്യാസ രംഗത്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് സീതാരാമൻ നൽകിയത്. പുതിയ ഭരണതല പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനും, ഗവേഷണ രംഗത്ത് കുട്ടികളെ പ്രാപ്തരാകാനും ഉദ്ദേശിച്ചാണ് നയ രൂപീകരണമെന്നു സീതാരാമൻ പറഞ്ഞു.

ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കാൻ 5 കാര്യങ്ങൾ, ധനമന്ത്രി പറയുന്നു.

1. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ

വിവിധ വിഷയങ്ങളിലുള്ള ഗവേഷണ പ്രോഗ്രാമുകൾക്ക് ആവശ്യമായ പണം വിതരണം ചെയ്യുക, അതിന്റെ നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുക, ഗവേഷണ വാസനകളെ പരിപോഷിപ്പിക്കുക, വിവിധ മന്ത്രാലയങ്ങളുടെ ഗവേഷണ ഗ്രാന്റുകൾ സ്വരൂപിപ്പിക്കുക എന്നിവയൊക്കെ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ആവും നടക്കുക.

2. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ 'വേൾഡ് ക്ലാസ് ഇന്സ്ടിട്യൂഷൻസ്' എന്ന തരം തിരിച്ച് അവയെ ലോക നിലവാരത്തിൽ എത്തിക്കാൻ 400 കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ മൂന്ന് മടങ്ങു വർധനവാണ് അതിനായി വക ഇരുത്തിയിട്ടുള്ളത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളെ ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം, സീതാരാമൻ പറഞ്ഞു.

3. ഇന്ത്യയെ വിദ്യാഭ്യാസ ഹബ് ആയി മാറ്റുക

ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റൊരു പുതിയ സ്‌കീമാണ് 'സ്റ്റഡി ഇൻ ഇന്ത്യ'. വിദേശത്തുള്ള വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കുക, അങ്ങനെ ഇന്ത്യയെ ലോകത്തിന്റെ തന്നെ ഒരു വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യം വച്ചാണ് ഈ പ്രോഗ്രാം വാർത്തെടുത്തിട്ടുള്ളത്.

4. ഹയ്യർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഉയർന്ന വിദ്യാഭ്യാസ റെഗുലേറ്ററി സംവിധാനം സമൂലമായി പരിഷ്കാരിക്കാൻ ലക്ഷ്യം വച്ചും, ഉയർന്ന അക്കാഡമിക് ഫലം ലഭിക്കുന്നതിനും ഒരു പുതിയ റെഗുലേറ്ററിനെ, ഹയ്യർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ചുമതല ഏൽപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി സീതാരാമൻ പറഞ്ഞു.അതിനായുള്ള കരട് നിയമം ഈ വർഷം തന്നെ കൊണ്ട് വരും.

5. വിദേശ ജോലികൾക്കു യുവാക്കളെ പ്രാപ്തരാക്കുക

ഇന്ത്യൻ യുവാക്കളെ വിദേശ ജോലികൾക്കു പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി അവർക്കു ആവശ്യമായ സ്‌കിൽ ട്രെയിനിങ് നൽകുന്നതിന് സർക്കാർ ഊന്നൽ നല്‌കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ലാംഗ്വേജ് ട്രെയിനിങ് എന്നിവ ഒക്കെ പഠന വിഷയമാകും. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ബിഗ് ഡാറ്റ, 3ഡി പ്രിന്റിങ്, വെർച്യുൽ റിയാലിറ്റി ഒക്കെ ട്രെയിനിങ്ങിന്റെ ഭാഗമാകും, സീതാരാമൻ ബജറ്റ് അവതരിപ്പിക്കവേ കൂട്ടിചേർത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it