കോവിഡില്‍ രാജ്യത്ത് ജോലി നഷ്ടമായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്

കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് വൈറ്റ് കോളര്‍ ജോലികള്‍ക്കാണെന്നതാണ് പ്രത്യേകത. എന്നാല്‍ സെല്‍ഫ് എംപ്ലോയ്ഡ് പ്രൊഫഷണല്‍ സംരംഭകര്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കപ്പെട്ടില്ല.

2019 മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് 1.88 കോടി പേര്‍ വൈറ്റ് കോളര്‍ ജോലി ചെയ്തിരുന്നുവെങ്കില്‍ 2020 ല്‍ ഇതേ കാലയളവ് ആയപ്പോഴേക്കും 1.22 കോടിയായി ഇത് കുറഞ്ഞു. 2016 ന് ശേഷം ഏറ്റവും കുറഞ്ഞ എണ്ണമാണിത്.

വ്യവസായ മേഖലയാണ് തൊഴില്‍ നഷ്ടം കൂടുതല്‍ നേരിട്ട മറ്റൊരു മേഖല. 50 ലക്ഷം തൊഴിലുകളാണ് വ്യവസായ മേഖലയില്‍ നഷ്ടമായിരിക്കുന്നത്. ചെറുകിട സംരംഭങ്ങളിലാണ് ഏറെ തൊഴില്‍ നഷ്ടമുണ്ടായിട്ടുള്ളതെങ്കിലും താമസിയാതെ എംഎസ്എംഇ മേഖലയിലേക്ക് കൂടി ഇത് ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈറ്റ് കോളര്‍ ക്ലറിക്കല്‍ ജോലികളെ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചില്ല. ഡാറ്റ എന്‍ട്രി ഓപറേറ്റേഴ്‌സ്, സെക്രട്ടറിമാര്‍, ഓഫീസ് ക്ലര്‍ക്ക് തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. ഇവരില്‍ പലരും ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ തുടങ്ങി എന്നതാണ് ലോക്ക് ഡൗണില്‍ ഉണ്ടായിരിക്കുന്ന മാറ്റം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it