താങ്ങുവില വർധന: നാണയപ്പെരുപ്പവും പലിശനിരക്കും വീണ്ടും ഉയരുമോ?

കാര്‍ഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വൻ പ്രക്ഷോഭത്തിന്റെ വക്കിലെത്തി നിൽക്കുന്ന രാജ്യത്തെ കർഷകർക്ക് എന്തുകൊണ്ടും ആശ്വാസകരമാണ്. എന്നാൽ ഇതുമൂലമുണ്ടാകാവുന്ന വിലക്കയറ്റത്തെ നേരിടാൻ സർക്കാർ എത്രമാത്രം സജ്ജമാണ്, നാണയപ്പെരുപ്പം വീണ്ടും റിസർവ് ബാങ്കിനെ പലിശ നിരക്കുയർത്തുവാൻ നിർബന്ധിതമാക്കുമോ എന്ന ചോദ്യങ്ങളാണ് വിപണിയിൽ ഉയർന്ന് കേൾക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഈ നീക്കം ക്രമേണ വിളകളുടെയും കാർഷികോല്പന്നങ്ങളുടെയും വിപണി വില കൂടാൻ ഇടയാക്കുകയും അതുവഴി നാണയപ്പെരുപ്പം ഉയരാനും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപയാണ് വര്‍ധിപ്പിച്ചത്. നെല്ലിന് പുറമെ പരുത്തി, പയര്‍ വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകള്‍ക്കാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് വിളകൾക്ക് ഉൽപ്പാദനച്ചെലവിനെക്കാൾ 50 ശതമാനം താങ്ങുവില നൽകും. സർക്കാരിന് 12000 മുതൽ 15000 കോടി രൂപയുടെ അധികബാധ്യതയാണ് ഇതിമൂലം ഉണ്ടാവുക.

വിലക്കയറ്റം

റിസർവ് ബാങ്ക് കഴിഞ്ഞ വായ്പാ അവലോകന റിപ്പോർട്ടിൽ വിളകളുടെ താങ്ങുവില വർധന, ആഗോള എണ്ണ വില എന്നിവ വരും മാസങ്ങളിൽ നാണയപ്പെരുപ്പം ഉയരാനുള്ള ഘടകങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താങ്ങുവിലയിലുള്ള വർധന ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിന് ഇടയാക്കിയാൽ നാണയപ്പെരുപ്പം വർധിക്കുമെന്ന് ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വിലയിരുത്തൽ പ്രകാരം താങ്ങുവിലയിലുള്ള വർദ്ധനവ് കർഷകർക്ക് ശരിക്കുമുള്ള വരുമാനം നേടിക്കൊടുക്കാൻ തുടങ്ങിയാൽ മാത്രമേ അത് വിപണി വിലയിൽ സമ്മർദ്ദം ഉണ്ടാക്കുകയുള്ളൂ. നിലവിലുള്ള താങ്ങുവിലയിലും വിപണിവിലയിലും ഉള്ള വലിയ അന്തരം പെട്ടെന്നുള്ള വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കില്ല. വിലയിലെ മാറ്റം എന്നുതൊട്ട് പ്രകടമാകും എന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ഐസിആർഎ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ വിളവെടുപ്പിന് ശേഷമാകാം വിപണി വിലയിൽ മാറ്റം കണ്ടു തുടങ്ങുക.

എന്തായാലും, കർഷകർക്ക് വരുമാനം കൂടണമെങ്കിൽ അതിനനുസരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക വിള സംഭരണ ചെലവും സാധാരണ ഉപഭോക്താവിന്റെ ചെലവും വർധിക്കുമെന്നുറപ്പാണ്.

എച്ച്എസ്ബിസിയുടെ ചീഫ് ഇക്കണോമിസ്റ് ആയ പ്രൻജുൽ ഭണ്ഡാരിയുടെ അഭിപ്രായത്തിൽ നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാം പ്രകുതിയിൽ ആർബിഐ പ്രതീക്ഷിക്കുന്ന നാണയപ്പെരുപ്പതോത് 4.7 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലും മുകളിലേയ്ക്ക് ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഈ വർഷം ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായി രണ്ട് തവണ പലിശനിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതമാകുമെന്ന് ഭണ്ഡാരി അഭിപ്രായപ്പെട്ടു.

ധനക്കമ്മി

താങ്ങുവില കുത്തനെ ഉയർന്നതോടെ സർക്കാരിന് 12,000 മുതൽ 15,000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുക. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.3 ശതമാനമായി നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താങ്ങുവില വർധന കൊണ്ടുണ്ടാകുന്ന അധികച്ചെലവ് ധനക്കമ്മി കാര്യമായി ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

എന്നാൽ ഭക്ഷ്യ സബ്‌സിഡിയ്ക്കായുള്ള വകയിരുത്തൽ വളരെ വലുതായതിനാൽത്തന്നെ താങ്ങുവില വർധന മൂലമുണ്ടാകുന്ന അധികച്ചെലവ് ധനക്കമ്മിയുടെ പരിധി

ലംഘിക്കാൻ പോന്നതാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി ബഡ്ജറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it