പ്രവാസിപ്പണമൊഴുക്ക് ഏറെ താഴുന്നതായി എ.ഡി.ബി ; കേരളത്തിനു വന്‍ നഷ്ടം

2020 ല്‍ 30,000 കോടി രൂപ കേരളത്തിന് നഷ്ടമായേക്കും

Asian development bank sees pandemic slashing 2020 global remittances
-Ad-

കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തികമാന്ദ്യം മൂലം പ്രവാസിപ്പണമൊഴുക്കില്‍ ഈ വര്‍ഷം സംഭവിക്കുന്ന ആഗോള തലത്തിലുള്ള ഇടിവിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവരുന്ന നാട് കേരളമായിരിക്കുമെന്ന് വ്യക്തമാക്കുന്നു ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. 2020 ലെ പ്രവാസിപ്പണമൊഴുക്കില്‍ കേരളത്തിന് 30,000 കോടി രൂപയുടെ നഷ്ടം നേരിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

ലോകത്ത് പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ 20 ശതമാനവും ഒഴുകുന്നത് കേരളത്തിലേക്കാണ്. 2018ല്‍ 85,092 കോടി രൂപയാണ് കേരളം നേടിയ പ്രവാസിപ്പണം. പക്ഷേ, ഈ വര്‍ഷം ലഭിക്കേണ്ടിയിരുന്ന മൊത്തം പ്രവാസിപ്പണത്തിന്റെ 18.3 ശതമാനം കോവിഡ് വ്യാപകമായതു മൂലം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണമൊഴുക്ക് 2,250 ഡോളര്‍ കുറയും. ഏഷ്യയുടെ മൊത്തം നഷ്ടത്തിന്റെ 41.4 ശതമാനവും ഗള്‍ഫില്‍ നിന്നായിരിക്കും.

അമേരിക്കയില്‍ നിന്നുള്ള പ്രവാസിപ്പണത്തിലുണ്ടാവുന്ന കുറവ് 2,050 കോടി ഡോളറാണ്. മൊത്തം പണമൊഴുക്കിന്റെ 37.9 ശതമാനമാണിത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയാകും ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തുക.  ദക്ഷിണേഷ്യക്ക് ഈ വര്‍ഷം 2,860 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. 2018ല്‍ ലഭിച്ച മൊത്തം പണത്തിന്റെ 24.7 ശതമാനം വരും ഇത്. ഈ വര്‍ഷം ആഗോളതലത്തില്‍ പ്രവാസിപ്പണമൊഴുക്കില്‍ 10,860 കോടി ഡോളറോളം ഇടിവുണ്ടായേക്കാമെന്ന് ഏഷ്യന്‍ വികസന ബാങ്ക്  ചൂണ്ടിക്കാട്ടുന്നു.

-Ad-

ഏറ്റവുമധികം പ്രവാസി മലയാളികളുള്ള യു.എ.ഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസിപ്പണം എത്തുന്നത്-26.9 ശതമാനം. അമേരിക്ക : 22.9%, സൗദി : 11.6%, ഖത്തര്‍ : 6.5%, കുവൈറ്റ് : 5.5% എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിപ്പണമൊഴുക്കിന്റെ വിഹിതം. അമേരിക്കയില്‍ 44.6 ലക്ഷം വിദേശ ഇന്ത്യക്കാരുണ്ട്. യു.എ.ഇ യില്‍ 31 ലക്ഷം, മലേഷ്യയില്‍ 29.9 ലക്ഷം, സൗദിയില്‍ 28.1 ലക്ഷം, മ്യാന്‍മറില്‍ 20.1 ലക്ഷം വീതവും.

പ്രവാസി/കുടിയേറ്റ തൊഴിലാളികളെ കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുക മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ പേര്‍ക്ക് തൊഴിലും നഷ്ടമായി. ഒട്ടേറെപ്പേരുടെ ശമ്പളവും വെട്ടിക്കുറച്ചു. മദ്ധ്യേഷ്യ 340 കോടി ഡോളറിന്റെയും ദക്ഷിണ-പൂര്‍വേഷ്യ 1,170 കോടി ഡോളറിന്റെയും നഷ്ടം നേരിടും.2019ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണമായ 8,300 കോടി ഡോളറിന്റെ 19 ശതമാനം കണക്കാക്കിയാല്‍, കേരളം നേടിയത് 1.20 ലക്ഷം കോടി രൂപ വരും.ഈ വര്‍ഷം പ്രതീക്ഷിക്കാവുന്നത് 90,000 കോടി രൂപയാണ്. നഷ്ടം 30,000 കോടി രൂപ.

പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, എണ്ണവില ഇടിവുമൂലം 2014 മുതല്‍ വരുമാനക്കമ്മി നേരിടുന്നതാണ് പ്രധാന വെല്ലുവിളി. ആഗോള സമ്പദ്മാന്ദ്യത്തിനും ക്രൂഡ് വിലത്തകര്‍ച്ചയ്ക്കും പിന്നാലെ കോവിഡിന്റെ താണ്ഡവവുമായി. ഗള്‍ഫ് സ്വകാര്യ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നുമുണ്ട്.കുറഞ്ഞത് 20% പേര്‍ തൊഴില്‍ നഷ്ട ഭീതിയിലാണ്. സ്വദേശിവത്കരണം വഴി പല ഗള്‍ഫ് രാജ്യങ്ങളും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ഒമാന്‍ 80 തൊഴില്‍ മേഖലകളില്‍ വിദേശികളെ വിലക്കി. കോവിഡ് ഭീതിമൂലം നല്ലൊരു പങ്ക് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here