വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാന്‍ 'ബെവ് ക്യൂ' ആപ്പ് സജ്ജമാകുന്നു
സംസ്ഥാനത്ത് മദ്യം വില്‍ക്കാനുള്ള ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാന്‍ ' ബെവ് ക്യൂ 'എന്ന പേരിലുള്ള ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും.അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും നടന്നു വരികയാണ്.ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ഹാങ് ആകാത്ത തരത്തിലാണ് ബെവ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്. മാസങ്ങളായി മദ്യം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ പേര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
നടപടിക്രമങ്ങള്‍ക്കു പിന്നാലെ ട്രയല്‍ പൂര്‍ത്തിയാക്കുന്നതോടെ പേരും ഫോണ്‍ നമ്പരും സ്ഥല സൂചനയും സഹിതം മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ബെവ്‌കോ ആലോചിക്കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline