വാര്‍ഷിക വായ്പയുടെ പകുതി ഈ മാസം തന്നെയെടുക്കാന്‍ കേരളത്തിനും അനുമതി

സംസ്ഥാനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷം വേണ്ടിവരുന്ന വായ്പയുടെ 50 ശതമാനം വരെ ഏപ്രിലില്‍ തന്നെ ആവശ്യമെങ്കില്‍ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്‍ വന്‍ ബാധ്യതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് കേരളത്തിനുള്‍പ്പെടെ താല്‍ക്കാലികാശ്വാസമാകുന്ന അഭൂതപൂര്‍വമായ ഈ നീക്കത്തിനു കേന്ദം മുതിര്‍ന്നിരിക്കുന്നത്.

ചരക്ക് സേവന നികുതി നഷ്ടപരിഹാരം, വിവിധ ഗ്രാന്റുകള്‍ എന്നീ ഇനങ്ങളിലായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ കഴിയാതെ കേന്ദ്രം നട്ടം തിരിയുന്നതിനിടെയാണ് കൊറോണ വൈറസ് പ്രതിസന്ധിയും അതിന്റെ ഭാഗമായി ലോക്ഡൗണുമെത്തിയത്.സംസ്ഥാനങ്ങളുടെ സാമ്പത്തിക പാക്കേജുകളും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ചെലവുകള്‍ പരിധിയില്ലാതെ കൂടുകയും വരുമാനം കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാനങ്ങളെ കാര്യമായി സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് വിഭവ പ്രതിസന്ധിയിലുള്ള പിടിച്ചുനില്‍പ്പുറപ്പാക്കുന്നതിന് പരമാവധി വായ്പയെടുക്കാനുള്ള വഴി തെളിച്ചുകൊടുക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വായ്പയെടുക്കുന്നതിനുള്ള കലണ്ടര്‍ മാര്‍ച്ച് 31 ന് റിസര്‍വ് ബാങ്ക് ഓഫ് തയ്യാറാക്കിയിരുന്നു.
ഏപ്രില്‍-സെപ്റ്റംബര്‍ കാലത്തേക്ക് കേന്ദ്രത്തിനുള്ള വായ്പാ കലണ്ടറും പുറപ്പെടുവിച്ചു. ഇതോടൊപ്പമാണ് കൊറോണ വൈറസ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റം ആവശ്യമാണെന്ന അഭിപ്രായം ഉയര്‍ന്നത്.

ഭാവിയില്‍ ആവശ്യം വന്നാല്‍ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള വായ്പാ പരിധികളില്‍ ഇളവ് വരുത്താനും കേന്ദ്രം സന്നദ്ധമായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപൂര്‍വ സന്ദര്‍ഭങ്ങളിലൊഴികെ ഒരു സാമ്പത്തിക വര്‍ഷം വേണ്ടിവരുന്ന വായ്പയുടെ 30 ശതമാനത്തിലേറെ വായ്പ ഒരു മാസത്തില്‍ തന്നെയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാറില്ല. അമിതമായെടുത്തുകൂട്ടുന്ന വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചോദ്യം പ്രതിസന്ധിയുടെ അനുബന്ധമായി ഉയര്‍ന്നുവരുമെന്നത് തല്‍ക്കാലം ഗൗനിക്കാന്‍ പറ്റുന്ന സ്ഥതിയിലല്ല സര്‍ക്കാരുകളും റിസര്‍വ് ബാങ്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it