സാലറി കട്ടിന് ‘കട്ട്’ പറഞ്ഞ് കോടതി: സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ വഴി വേറെ നോക്കണം

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ സംസ്ഥാന ഖജനാവിലേക്ക് പണം കണ്ടെത്താന്‍ വഴി വേറെ നോക്കേണ്ടി വരും

court-says-cut-for-salary-cut-the-government-has-to-look-for-a-way-to-stand-up
-Ad-

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ വേതനം പിടിച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരം കാണാനുള്ള ശ്രമത്തിന് ഹൈക്കോടതി ചുവപ്പുകൊടി കാട്ടിയതോടെ പിടിച്ചു നില്‍ക്കാന്‍ കേരളം വേറെ വഴികള്‍ നോക്കേണ്ടി വരും.

കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേതനം നല്‍കാന്‍ 2500 കോടി രൂപ വേണം. പെന്‍ഷന്‍ ചെലവിനത്തില്‍ മറ്റൊരും 1500 കോടി രൂപ വേണം. ഇതിനിടെ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളും ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും വ്യാപനം തടയാനും അസാധാരണമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനും ഏറെ വിഭവങ്ങള്‍ വിനിയോഗിക്കേണ്ടി വരുന്നുണ്ട്.

ചെലവ് മുന്‍പത്തേക്കാളും ഉയരുമ്പോള്‍ സംസ്ഥാനത്തിന്റെ വരവ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള ആദായ നികുതി വിഹിതവും കടമെടുത്ത പണവുമല്ലാതെ സംസ്ഥാനത്തിന് വരവില്ല.

-Ad-
ലോട്ടറിയില്ല, മദ്യമില്ല, ജിഎസ്ടിയുമില്ല

ഇന്ധന നികുതിയും മദ്യവില്‍പ്പനയിലൂടെയുമായിരുന്നു സംസ്ഥാനത്തിന് പ്രതിമാസം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുക. ഏതാണ്ട് 900 കോടി രൂപ ഇന്ധന നികുതിയായും. ഏകദേശം അത്ര തന്നെ തുക മദ്യവില്‍പ്പനയിലൂടെയും ലഭിക്കുമായിരുന്നു.

ജിഎസ്ടി വഴി ഏകദേശം 650 കോടി രൂപയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഭൂമി രജിസ്‌ട്രേഷന്‍ വഴിയായും ഏതാണ്ട് അത്ര തന്നെ തുക ലഭിക്കുമായിരുന്നു.

ലോട്ടറിയില്‍ നിന്നും മോട്ടോര്‍ വാഹന നികുതിയായും ശരാശരി 400 കോടി രൂപയോളം ലഭിക്കുമായിരുന്നു. അതായത് ഈ ഇനത്തില്‍ നിന്ന് 800 കോടി രൂപ.

എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയില്‍ നിന്നെല്ലാം കൂടി ഏകദേശം കിട്ടുന്നത് 250 കോടിയോളം മാത്രമാണ്.

ജീവനക്കാരുടെ ആറുദിവസത്തെ വേതനം പിടിച്ചാല്‍ ഏകദേശം 400 കോടി രൂപയിലേറെ ലഭിക്കുമായിരുന്നു. ഇനി കടമെടുത്ത് പിടിച്ചുനില്‍ക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ നോക്കുക.

ചെലവ് ചുരുക്കല്‍ അനിവാര്യം

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്ത വേതന തുക കൊണ്ട് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമായിരുന്നില്ല. അതൊരു താല്‍ക്കാലിക ആശ്വാസം മാത്രമേ ആകു. അതിനും ഹൈക്കോടതി സ്‌റ്റേ വന്നതോടെ ക്രിയാത്മകമായ ചെലവ് ചുരുക്കല്‍ നടപടിയിലൂടെയും വരവ് കൂട്ടാനുള്ള നടപടികളിലൂടെയും സംസ്ഥാനം കടന്നുപോകേണ്ടിയിരിക്കുന്നു.

പ്രളയകാലത്ത് ഇക്കാര്യങ്ങള്‍ ഗൗരവമായി പലരും ചൂണ്ടിക്കാട്ടിയതാണെങ്കിലും നടപടികളുണ്ടായില്ല. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകും.

സംസ്ഥാനത്തെ വിഭവ സമ്പത്തുകള്‍ പ്രൊഫഷണല്‍ രീതിയില്‍ വിനിയോഗിച്ച് ധനസമാഹരണത്തിന് മാര്‍ഗമാക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അനാവശ്യമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടുക, മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും എണ്ണം കുറയ്ക്കുക, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിപ്പില്‍ കാതലായ മാറ്റങ്ങള്‍ക്ക് തയ്യാറാവുക തുടങ്ങി കേരളം ഇതുവരെ സ്വീകരിക്കാത്ത കാര്യങ്ങള്‍ ഇനി കൈകൊണ്ടാല്‍ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറക്കൂ.

തൊഴിലാളി യൂണിയനുകളെയും ഉദ്യോഗസ്ഥരുടെ സംഘടനകളെയും വസ്തുതകള്‍ പറഞ്ഞ് മനസ്സിലാക്കി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ കേരളത്തിന്റെ ഭാവി വികസനത്തിന് തന്നെ അത് മുതല്‍കൂട്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here