കറൻസി പ്രതിസന്ധി: ഇന്ത്യ മറ്റൊരു ‘ടർക്കി’ ആകാതെ രക്ഷിച്ചത് പ്രവാസികൾ

എൻആർഐകൾ നാട്ടിലേക്ക് പണമയച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി നിലവിലെ രണ്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി ഉയർന്നേനെ

രൂപയുടെ മൂല്യം അനുദിനം ഇടിഞ്ഞിട്ടും ഇന്ത്യൻ സമ്പദ് വ്യവസ്ഥ എന്തുകൊണ്ട് അർജന്റീനയുടെയോ  ടർക്കിയുടെയോ പോലെയുള്ള ഒരു വൻ തകർച്ചയിലേക്ക് വീണുപോയില്ല എന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയുടെ പ്രവാസി വൃന്ദം തന്നെയാണ് ഇതിന് സഹായമായത്.

ഈയിടെയാണ് ഇന്ത്യയുൾപ്പെടെയുള്ള എമർജിങ് മാർക്കറ്റ് രാജ്യങ്ങളിൽ മുഴുവൻ  കറൻസി മൂല്യം തകർന്നത്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇന്ത്യ പിടിച്ചുനിന്നു. കാരണം, പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണമയച്ചു എന്നതുകൊണ്ട് തന്നെ.

സാധാരണയായി രൂപയുടെ മൂല്യം കുറയുന്ന സമയത്ത് വിദേശങ്ങളിലുള്ളർ നാട്ടിലേയ്ക്ക് പണമയക്കുന്നത് കൂടും. രൂപയുടെ മൂല്യം താഴ്ന്നിരിക്കുമ്പോൾ പ്രവാസികൾ നാട്ടിലേക്കയക്കുന്ന ഓരോ വിദേശ കറൻസിക്കും കൂടുതൽ മൂല്യം ഇവിടെ പണം സ്വീകരിക്കുന്നവർക്ക് ലഭിക്കുമെന്നുള്ളതിനാലാണിത്.

ലോകബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് വിദേശ റമിറ്റൻസ് ആയി ലഭിച്ചത് ഏകദേശം 5.1 ലക്ഷം കോടി രൂപയാണ് (69 ബില്യൺ ഡോളർ. അതായത് ജിഡിപിയുടെ മൂന്ന് ശതമാനം. ഇത്തരത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ള 20 ദശലക്ഷം എൻആർഐകൾ നാട്ടിലേക്ക് പണമയച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി നിലവിലെ രണ്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി ഉയർന്നേനെ എന്ന് ബ്ലൂംബെർഗ് ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്നാൽ പ്രവാസി ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണം റമിറ്റൻസ് വളർച്ചയുടെ തോത് കുറച്ചിട്ടുണ്ട്. പലരും ജോലിയെയും ബിസിനസിനേയും സംബന്ധിച്ച് അനിശ്ചിതാവസ്ഥ നേരിടുന്നതിനാൽ പണമയക്കാൻ മടി കാണിക്കുന്നുണ്ട്. എങ്കിലും ഇതിൽ കുത്തനെയൊരു ഇടിവ് അടുത്താകാലത്തെങ്ങും ഉണ്ടാകാൻ ഇടയില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്നതുമൂലമാണ് പ്രധാനമായും രൂപയുടെ ഡിമാൻഡ് കുറയാൻ കാരണം. മറിച്ച് ഡോളറിന് ആവശ്യക്കാർ കൂടി. എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടിയത് രാജ്യത്തിന് കൂനിന്മേൽ കുരുവായെന്ന് വേണമെങ്കിൽ പറയാം. ഈ സമയത്താണ് വിദേശ റമിറ്റൻസ് രാജ്യത്തിന് കൈത്താങ്ങായത്. പുതിയ സാങ്കേതിക വിദ്യകൾ  പണമയക്കൽ എളുപ്പമാക്കിയതും അനുകൂല ഘടകമായി.

ആർബിഐയുടെ 2016-17  സാമ്പത്തിക വർഷത്തെ റെമിറ്റൻസ് സർവെ പ്രകാരം മൊത്തം റെമിറ്റൻസിന്റെ 19 ശതമാനവും കേരളത്തിനാണ് ലഭിച്ചത്. രാജ്യത്തിന് ലഭിച്ച മൊത്തം റെമിറ്റൻസിന്റെ 58.7 ശതമാനവും കേരളം, മഹാരാഷ്ട്ര, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here