അഞ്ചു വര്‍ഷത്തിനകം 5 ട്രില്യണ്‍ ജി.ഡി.പി അസാധ്യം: രംഗരാജന്‍

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അഞ്ച് ട്രില്യണ്‍ ഡോളറാക്കുമെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം 2025 -ല്‍ ലക്ഷ്യം കാണില്ലെന്ന നിരീക്ഷണം പങ്കുവച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍.' സമ്പദ് വ്യവസ്ഥ ഇന്ന് 2.7 ട്രില്യണ്‍ ജിഡിപിയുടേതാണ്. അഞ്ച് വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കുമെന്നാണ് പറയുന്നത്. അതിന് ഒന്‍പത് ശതമാനത്തിലേറെ വളര്‍ച്ചാ നിരക്ക് വേണം. 2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള രാജ്യമാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല,'- രംഗരാജന്‍ പറഞ്ഞു.
രണ്ടാമതും അധികാരമേറ്റ ഉടനെയാണ് മോദി സര്‍ക്കാര്‍ തങ്ങള്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ജിഡിപിയുള്ള രാജ്യമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഗതി താഴേക്കായി. 2016 ല്‍ 8.2 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സമ്പദ് വ്യവസ്ഥ 2019 ല്‍ 6.8 ലേക്ക് കൂപ്പുകുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലാണ് ആദ്യപാദ വളര്‍ച്ച. രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നവംബര്‍ 29 ന് വരുമെന്നിരിക്കെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 4.2 ശതമാനം വളര്‍ച്ചയാണ്.
'രണ്ടു വര്‍ഷം കടന്നുപോയി. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായിരിക്കുമെന്നും അടുത്ത വര്‍ഷം ഏഴ് ശതമാനമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതിന് ശേഷം സമ്പദ് വ്യവസ്ഥ നില മെച്ചപ്പെടുത്തിയേക്കാം. ജിഡിപി അഞ്ച് ട്രില്യണ്‍ ആയാല്‍ തന്നെ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം ഇപ്പോഴത്തെ 1800 ഡോളറില്‍ നിന്ന് 3600 ഡോളറായി മാത്രമേ വളരൂ. അപ്പോഴും താഴ്ന്ന - ഇടത്തരം വരുമാന രാജ്യങ്ങളുടെ പട്ടികയിലായിരിക്കും ഇന്ത്യ .'
വികസിത രാജ്യമാകണമെങ്കില്‍ പ്രതിശീര്‍ഷ വരുമാനം 12000 ഡോളറാകണം. ഒന്‍പത് ശതമാനം വളര്‍ച്ചാ നിരക്കില്‍ 22 വര്‍ഷമെങ്കിലും ഇല്ലാതെ നമുക്ക് ആ ലക്ഷ്യത്തിലെത്താനാവില്ല -കോയമ്പത്തൂരില്‍ ഐബിഎസ് - ഐസിഎഫ്എഐ സംഘടിപ്പിച്ച പരിപാടിയില്‍ രംഗരാജന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക ഉപദേശകസമിതിയുടെ ചെയര്‍മാനായിരുന്നു രംഗരാജന്‍. യുപിഎ സര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ രംഗരാജനും ഉപദേശകസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline