ആയിരം കോടി വില ചോദിച്ച സ്വത്ത് പാപ്പരത്ത കോടതി വഴി അദാനിക്ക് കിട്ടി; 400 കോടിക്ക്

ഡല്‍ഹി ല്യൂട്ട്യന്‍സ് മേഖലയില്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെടെ വമ്പന്മാര്‍ മോഹിച്ചത് 3.4 ഏക്കര്‍ സ്ഥലവും കൊട്ടാര സദൃശ മന്ദിരവും

Gautam Adani
-Ad-

ഡല്‍ഹിയുടെ ഹൃദയ ഭാഗമായ ല്യൂട്ട്യന്‍സ് മേഖലയില്‍ ആയിരം കോടി രൂപ വില പറഞ്ഞിരുന്ന കൊട്ടാര സദൃശ പൗരാണിക മന്ദിരവും 3.4 ഏക്കര്‍ സ്ഥലവും 400 കോടി രൂപയ്ക്ക് അദാനി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കുന്നു, പാപ്പരത്ത നിയമത്തിന്റെ തണലില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലൂടെ.

ആദിത്യ എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമിരുന്ന ഈ അമൂല്യ വസ്തു ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഭഗവാന്‍ ദാസ് റോഡില്‍ ഹരിത മേഖലയിലെ 3.4 ഏക്കറില്‍ 25,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ട് നില ബംഗ്ലാവ്. ഏഴ് കിടപ്പുമുറികള്‍, ആറ് ലിവിംഗ് കം ഡൈനിംഗ് റൂമുകള്‍, ഒരു സ്റ്റഡി റൂം എന്നിവയ്ക്കു പുറമേ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനായി 7,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ആദിത്യ എസ്റ്റേറ്റ്‌സ്  പാപ്പരത്ത നടപടിക്കു വിധേയമായതോടെയാണ് ഗൗതം അദാനിക്ക് ഇതത്രയും വിട്ടുകൊടുക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവായിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പഴയ ഉടമകള്‍ വിലയിട്ടത് ആയിരം കോടി രൂപയായിരുന്നെങ്കിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ രേഖകള്‍ പ്രകാരം വസ്തുവിന്റെ വില വെറും 265 കോടി രൂപ മാത്രം. പക്ഷേ, അദാനി പ്രോപ്പര്‍ട്ടി 135 കോടി രൂപ കൂടി പരിവര്‍ത്തന ചാര്‍ജായി നല്‍കേണ്ടി വരും. പാട്ടത്തിനെടുത്ത അവസ്ഥയില്‍ നിന്ന് ‘ഫ്രീ ഹോള്‍ഡി’ലേക്ക് ഉടമസ്ഥാവകാശ നില മാറ്റുന്നതിനുള്ള തുകയായാണ് ട്രിബ്യൂണല്‍ ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സ്വതന്ത്ര മൂല്യനിര്‍ണ്ണയക്കാര്‍ വഴി മൂല്യം വിലയിരുത്തിയെന്നും യഥാര്‍ത്ഥ വില 306 കോടി രൂപയാണെന്നും എന്‍സിഎല്‍ടി ഉത്തരവില്‍ പറയുന്നു.

-Ad-

അതിസമ്പന്ന ചരിത്രം സ്വന്തമായുണ്ട് അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്ന റിയല്‍ എസ്റ്റേറ്റ് മുതലിന്. ബ്രിട്ടീഷ്  ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറിയുടെ കൊളോണിയല്‍ ഓഫീസായിരുന്നു ആദ്യമിത്. മീററ്റ് ഡിവിഷനെ പ്രതിനിധീകരിച്ച് യുണൈറ്റഡ് പ്രവിശ്യാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ലാല സുഖ്ബീര്‍ സിന്‍ഹ 1921 ല്‍ വാങ്ങി. 1985 ല്‍ ആണ് ആദിത്യ എസ്റ്റേറ്റ്‌സ് സ്വന്തമാക്കിയത്. എന്‍സിഎല്‍ടി വഴി വില്‍പന നടക്കുന്നതിനാല്‍, സ്വാഭാവികമായും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വില കുറയുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറഞ്ഞു.

ഐസിഐസിഐ നല്‍കിയ അപേക്ഷ പ്രകാരമാണ് ആദിത്യ എസ്റ്റേറ്റിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. അദാനിക്ക് പുറമെ ഹവേല്‍സ് ഇന്ത്യയിലെ അനില്‍ റായ് ഗുപ്ത, ഡാല്‍മിയ സിമന്റ് (ഭാരത്) ലിമിറ്റഡ്, ഇന്‍ഫോസിസ് നാരായണ മൂര്‍ത്തി, വീണ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (വിഐപിഎല്‍) എന്നിവരും സ്ഥലം വാങ്ങാന്‍ രംഗത്തെത്തി. വില വളരെ താഴ്ന്നുപോയെന്ന വാദം അപേക്ഷകര്‍ക്കിടയില്‍ നിന്ന് ഉണ്ടായെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള എന്‍സിഎല്‍ടി ഉത്തരവ് അദാനിക്ക് അനുകൂലമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here