പുതിയ സർക്കാരിന് മുന്നിലെ വെല്ലുവിളികൾ എന്തൊക്കെ?

''ബാങ്കിംഗ്, നിര്‍മാണം, ഐ.റ്റി എന്നീ മേഖലകളിലൊക്കെ അനുഭവപ്പെടുന്ന ചെറിയ മാന്ദ്യത്തെ കുറിച്ച് ഏതൊരാള്‍ക്കും അറിവുള്ളതാണ്. പ്രതിസന്ധികള്‍ തീരെ ഇല്ല എന്ന് ഞാന്‍ വാദിക്കുന്നില്ല,'' പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സിലിന്റെ ചെയര്‍മാനും, സാമ്പത്തിക വിദഗ്ധനും കൂടിയായ ബിബേക് ദെബ്രോയി പറയുന്നു.''

പുതിയ സര്‍ക്കാര്‍ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യും എന്നതിലാണ് കാര്യം. കാര്‍ഷിക ഉല്‍പ്പന്ന വില മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു വര്‍ധിച്ചിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ ഗ്രാഫില്‍ ചില കയറ്റവും ഇറക്കവും സ്വാഭാവികമായി കണ്ടേക്കാം, എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി ശോഭനമായിരിക്കും,'' ബിബേക് ദെബ്രോയി കൂട്ടിച്ചേര്‍ക്കുന്നു.

കാര്‍ഷിക അടിത്തറ

വെല്ലുവിളികളും പ്രതിസന്ധികളും ഇല്ലാതെ ഒരു ഭരണകൂടവും അധികാരം കൈയാളിയിട്ടില്ല, എന്നാല്‍ എന്താവണം അവരുടെ മുന്‍ഗണന പട്ടികയില്‍ ഉണ്ടാവേണ്ടത്? കൃഷി തന്നെയാണ് ഇന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. ഇന്ത്യന്‍ ജിഡിപിയുടെ ഏകദേശം പതിനെട്ടു ശതമാനം തന്നെ വരുന്നത് കൃഷി മേഖലയില്‍ നിന്നുമാണ്. കൂടാതെ, കൃഷി തന്നെയാണ് അമ്പതു ശതമാനത്തോളം വരുന്ന രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍ മാര്‍ഗവും.

കാലവര്‍ഷക്കെടുത്തി, സാമ്പത്തിക പരാധീനത, ചെറിയ പട്ടയ ഭൂമിയില്‍ ഉള്ള കൃഷി രീതി, ഉല്‍പ്പാദന കുറവ്, വിളകളില്‍ കീടങ്ങളുടെ ആക്രമണം, മികച്ച കൃഷി യന്ത്രങ്ങളുടെ അഭാവം, ഉല്‍പ്പാദിപ്പിച്ച വിളകള്‍ക്കു വില ലഭ്യമല്ലാത്ത അവസ്ഥ എന്നിവയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടെങ്കില്‍ ഒരു പരിധി വരെ കാര്‍ഷിക പ്രതിസന്ധി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും.

എന്നാല്‍ ബാങ്ക് ലോണുകളും മറ്റും അര്‍ഹതപ്പെട്ടവരുടെ കൈയില്‍ തന്നെ എത്തുന്നുണ്ടോ?, സീനിയര്‍ ഇക്കണോമിസ്റ്റും, ഫിനാന്‍സ് മിനിസ്ട്രിയിലെ മുന്‍ ചീഫ് കണ്‍സള്‍ട്ടന്റും കൂടിയായ അശോക് വി ദേശായ് ചോദിക്കുന്നു. ''കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്ന ഒരു പുതിയ പ്രക്രിയ ഒന്നും അല്ലല്ലോ. എന്നാല്‍ അര്‍ഹരിലേക്കു സര്‍ക്കാര്‍ വെച്ച് നീട്ടുന്ന ഈ സഹായം എത്തുന്നുണ്ടോ എന്നതാണ് ചോദ്യം.

അല്ലെങ്കില്‍ പിന്നെ മഹാരാഷ്ട്രയിലും, ആന്ധ്രയിലും മറ്റും ഇത്രയും വലിയ കര്‍ഷക മുന്നേറ്റ ജാഥ നടന്നതെങ്ങനെ? സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കര്‍ഷകരുടെ ഡാറ്റ അപ്‌ഡേഷന്‍ തന്നെ ആണ്. ഇന്ത്യയില്‍ ആകെ മൊത്തം പോപ്പുലേഷന്റെ അമ്പതു ശതമാനം കര്‍ഷകര്‍ തന്നെ, എന്നാല്‍ അതില്‍ ആരാണ് പണം ആവശ്യമുള്ളവര്‍, ആരാണ് കൃഷി ഇറക്കാതെ ആനുകൂല്യം പറ്റുന്ന കര്‍ഷകര്‍, ആരാണ് കോടീശ്വര കര്‍ഷകര്‍ (കര്‍ഷകന്റെ ആനുകൂല്യം വെട്ടിപ്പിലൂടെ സ്വന്തം ആക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്).

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് കൃത്യത വന്നാല്‍ ഈ പ്രശ്‌നത്തിന് വലിയ അളവ് വരെ ഒരു പരിഹാരമാകും.''കാര്‍ഷിക മേഖലയ്ക്ക് ക്രിയാത്മകമായ ഊന്നല്‍ ആണ് ആവശ്യം. അല്ലാതെ തെരഞ്ഞെടുപ്പ് പ്രതിസന്ധി തരണം ചെയ്യാന്‍ കടങ്ങള്‍ എഴുതി തള്ളുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന പ്രക്രിയ തന്നെയാണ്. അത്തരം നീക്കങ്ങള്‍ ഇന്ത്യയെ പുറകോട്ടു കൊണ്ട് പോകും,' ദെബ്രോയ് ഓര്‍മിപ്പിക്കുന്നു.

തൊഴില്‍ മേഖല

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ചെറുപ്പക്കാര്‍ക്കിടയില്‍ പെരുകുന്ന തൊഴിലില്ലായ്മ. തൊഴില്‍ അവസരങ്ങള്‍ കുറയുന്നത് തന്നെയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ''പുതിയ സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ രണ്ടു വെല്ലുവിളികള്‍ ആണ്: തൊഴില്‍ സൃഷ്ടിക്കലും; തൊഴില്‍ ലഭ്യമാവാന്‍ തക്കവണ്ണം വിദ്യാഭാസ സമ്പ്രദായത്തെ ഉടച്ചെടുക്കുക എന്നതും.

ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭാസത്തിലും, ലഭിക്കേണ്ടുന്ന തൊഴില്‍ മേഖലകളിലും ഉള്ള അന്തരം കുറയ്ക്കാനായാല്‍ ഈ പ്രശ്‌നത്തിന് വലിയൊരളവു വരെ പരിഹാരമുണ്ടാകും. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കേണ്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം, സംരംഭകത്വവും നല്ല വഴി തന്നെ,'' ദെബ്രോയ് പറയുന്നു.

ഇന്ധന വിപണി

അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പൊള്ളിക്കാന്‍ സാധ്യത ഉള്ള ഒന്നാണ് ഇന്ധനവില. ''രാജ്യത്തെ ഇന്ധന വിലയില്‍ ഗണ്യമായ മാറ്റമൊന്നും കഴിഞ്ഞ രണ്ടു മാസമായി അനുഭവപ്പെട്ടിട്ടില്ല. പെട്രോള്‍ വിലയില്‍ ഏതാണ്ട് ഒരു ശതമാനത്തിന്റെ വര്‍ധന മാത്രമാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷം ഉണ്ടായത്.

എന്നാല്‍ ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇറാഖിനെയും സൗദിയെയും മാത്രം ആശ്രയിക്കേണ്ടതായി വരും, അപ്പോള്‍ കോസ്റ്റും വീണ്ടും കൂടാനാണ് സാധ്യത.'' ഇക്കണോമിസ്റ്റായ അശോക് വി ദേശായ് പറയുന്നു.

ഇന്‍ഫ്രാ പദ്ധതികള്‍

ആഗോള റേറ്റിംഗ്സ് ഏജന്‍സി ആയ കെയര്‍ റേറ്റിംഗ്‌സിന്റെ പുതിയ പഠനം പറയുന്നു, അടിസ്ഥാന വികസന (ഇന്‍ഫ്രാ) പദ്ധതികള്‍ക്ക് വേണ്ടി കൊടുത്തു തീര്‍ക്കാനുള്ള ഏതാണ്ട് 12.4 ലക്ഷം കോടി രൂപയുടെ ബില്ലുകളാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.

നിലവില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന 1,424 ഇന്‍ഫ്രാ പദ്ധതികളില്‍, 444 എണ്ണത്തോളം ആയിരം കോടി രൂപയുടെ മുകളില്‍ വരുന്ന ഭീമന്‍ പദ്ധതികളാണ്. മൊത്തം പദ്ധതികളുടെ ഏതാണ്ട് എണ്‍പതു ശതമാനവും ഇത്തരത്തില്‍ ഉള്ളവ തന്നെ. ഈ മെഗാ പ്രോജക്ടസിന്റെ പൂര്‍ത്തീകരണത്തിനായി നിലവില്‍ പ്രതീക്ഷിക്കുന്ന തുക ഏതാണ്ട് 21.34 ലക്ഷം കോടി രൂപയാണ്.

ഈ പ്രോജക്ട്‌സ് അത്രയും 18.17 ലക്ഷം കോടി രൂപയ്ക്കു പൂര്‍ത്തിയാകേണ്ടി ഇരുന്നവയാണ്. ഡിസംബര്‍ 2018നു മുന്‍പ് പൂര്‍ത്തിയായവയില്‍ ഭൂരിഭാഗവും പവര്‍, റോഡ്, റെയില്‍വേ, പെട്രോളിയം പ്രോജക്ട്‌സാണ് (85/101). മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത് വലിയ ഒരു നേട്ടം തന്നെയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ഏതാണ്ട് 384 പ്രോജക്ടസ് പൂര്‍ത്തീകരിക്കാനുണ്ട്, അതിൻമേലുള്ള ബില്ല് തുക മാത്രം ഏകദേശം 12.4 ലക്ഷം കോടി രൂപയോളം വരും, കെയര്‍ ചൂണ്ടിക്കാണിക്കുന്നു.

സാധാരണ ഗതിയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രോജക്ടുകള്‍ ഒരു സര്‍ക്കാരില്‍ നിന്ന് മറ്റൊരു സര്‍ക്കാരിലേക്ക് എത്തുന്നത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്,

ദേശായ് പറയുന്നു. ''ഇത്തവണ രാജ്യത്തെ ബാങ്കിംഗ് മേഖലയിലും പ്രതിസന്ധി ഉണ്ട്. 2018-അവസാനം ആയപ്പോള്‍ അവരുടെ എന്‍പിഎ പത്തു ലക്ഷം കോടി രൂപയിലേറെ ആയി. എന്‍ബിഎഫ്‌സികളില്‍ ലിക്വിഡിറ്റി പ്രശ്‌നം ഉണ്ട്.

പവര്‍ മേഖലയിലും ഏതാണ്ട് മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. അപ്പോള്‍ നിലവിലുള്ള സാഹചര്യം നല്ലതല്ല. അതെങ്ങനെ മാറ്റി കൊണ്ടു പോകാം എന്നതിനെ ആശ്രയിച്ചിരിക്കും സര്‍ക്കാരിന്റെ വിജയം.''

നിലവിലെ സാഹചര്യത്തില്‍ അഞ്ചു വര്‍ഷമായി മുടങ്ങി കിടക്കുന്ന ഈ ഭീമന്‍ തുകകള്‍ സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യം?

ഇന്‍ഫ്രാ രംഗത്തെ വികസനത്തില്‍ നിന്ന് ഒരു സർക്കാരിനും പുറകോട്ടു പോകാന്‍ ആവില്ല. ജോലി സൃഷ്ടിക്കലും, എന്‍പിഎ ബാലന്‍സിംഗും, സിഎഡിയും, ജിഡിപിയും ഒക്കെ ഈ വലിയ പദ്ധതികളെ ചുറ്റിപറ്റി തന്നെയാണ് നിലകൊള്ളുന്നത്. കഴിവതും ഭൂരിപക്ഷമുള്ള ഒരു ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി.'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തായാലും പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷകള്‍ തന്നെയാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it