മുപ്പതു വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചാ നിരക്കില്‍ ചൈന

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്ക് ചൈനയുടെ സമ്പദ്ഘടന താഴ്ന്നതായുള്ള കണക്ക് പുറത്ത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച ആറു ശതമാനമാണ്. 1992 നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.
തൊട്ടുമുന്‍പത്തെ പാദത്തിലെ 6.2% വളര്‍ച്ചാനിരക്കാണു വീണ്ടും താഴ്ന്നതെന്നു സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.1 % വളര്‍ച്ചാനിരക്കാണു പ്രവചിച്ചിരുന്നത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ആരംഭിച്ചശേഷമാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ വലിയ തോതിലുള്ള തകര്‍ച്ച നേരിട്ടുതുടങ്ങിയത്.ഇതിനിടെ ഇരു രാജ്യങ്ങളും താല്‍ക്കാലിക വെടിനിര്‍ത്തലിലേക്കു പോയിരുന്നു.
മാന്ദ്യം മറി കടക്കാനുള്ള പരിപാടികളുടെ ഭാഗമായി നികുതി ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സമ്പദ്ഘടന ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണു ചൈന. കോടിക്കണക്കിനു രൂപ നികുതിയിളവിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കി. കൂടുതല്‍ പണം വിപണിയിലെത്തിച്ചു ക്രയവിക്രയം സജീവമാക്കാനും പദ്ധതിയുണ്ട്. വാര്‍ഷിക വളര്‍ച്ചാനിരക്ക് ഇപ്പോഴും 6- 6.5 % ആണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുള്ളത്.