റഫാലോ മിറാഷോ? ആരാണ് കേമൻ!
പുല്‍വാമ ആക്രമണത്തിന് മറുപടിയായി നടത്തിയ വ്യോമാക്രണത്തിന് ഇന്ത്യന്‍ സേന ഉപയോഗിച്ചത് മിറാഷ് 2000 യുദ്ധവിമാനങ്ങളായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യയുടെ വജ്രായുധം മിറാഷ് തന്നെയായിരുന്നു.
1984-ൽ രാജീവ് ഗാന്ധി സർക്കാരാണ് 49 മിറാഷ് 2000 യുദ്ധവിമാനങ്ങൾ വാങ്ങാൻ പാരീസ് ആസ്ഥാനമായ ദാസോ ഏവിയേഷനുമായി കരാർ ഒപ്പിട്ടത്. യുഎസിൽ നിന്നും പാകിസ്ഥാൻ F-16 യുദ്ധവിമാനങ്ങൾ വാങ്ങിയതിന്റെ മറുപടിയായിട്ടായിരുന്നു ഇത്.
ദാസോ തന്നെയാണ് ഇന്ത്യയ്ക്ക് റഫാലും നൽകുന്നത്. ഫ്രഞ്ച് സേന മിറാഷിനെ പൂർണമായും ഒഴിവാക്കി റഫേൽ യുദ്ധവിമാനങ്ങൾ നേടിയെങ്കിലും രണ്ട് യുദ്ധവിമാനങ്ങളും ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
20 കിലോ ടൺ ഭാരമുള്ള അണുബോംബ് വരെ വഹിക്കാൻ ശേഷിയുള്ളവയാണ് മിറാഷ്. ഹിരോഷിമയിൽ വർഷിച്ച ബോംബിന് 15 കിലോ ടൺ ഭാരമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയടക്കം ഒന്‍പതോളം രാജ്യങ്ങള്‍ മിറാഷ് 2000 ഉപയോഗിക്കുന്നു.
മിറാഷ് 2000 - 5 എന്ന പുതുക്കിയ വെര്‍ഷനാണ് ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 'വജ്ര' എന്നാണ് മിറാഷ് 2000 ന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.
മിറാഷും റഫാലും
മിറാഷ് 2000 ഒരു മൾട്ടി റോൾ മീഡിയം റേഞ്ച് യുദ്ധവിമാനമാണ്. SNECMA M53- P2 എന്നറിയപ്പെടുന്ന സിംഗിള്‍ ഷാഫ്റ്റ് എഞ്ചിനാണ് മിറാഷില്‍ ഉപയോഗിക്കുന്നത്. ഈ ശ്രേണിയിലെ അമേരിക്കന്‍ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഭാരം കുറഞ്ഞ എഞ്ചിനാണിത്.ഭാരം കുറഞ്ഞതു കൊണ്ടുതന്നെ വേഗത കൂടുതലാണ്. പരമാവധി ഭാരം 13.8 ടൺ ആണ്. 2. 2 മാക് ആണ് വിമാനത്തിന്റെ വേഗത. അതായത് മണിക്കൂറില്‍ ഏകദേശം 2400 കിലോമീറ്റര്‍. 54000 അടി ഉയരത്തില്‍ ഏകദേശം 1550 കിലോമീറ്റര്‍ ദൂരം (range) സഞ്ചരിക്കാന്‍ മിറാഷ് 2000 വിമാനങ്ങള്‍ക്ക് കഴിയും.
മിറാഷിനെപ്പോലെ റഫാലും ഒരു മൾട്ടി റോൾ യുദ്ധവിമാനമാണ്. SNECMA ട്വിൻ-ഷാഫ്റ്റ് ബൈപാസ് ടർബോഫാൻ എൻജിനാണ് ഇതിലുള്ളത്. ഉയർന്ന ആൾട്ടിട്യൂഡിലും താഴ്ന്ന ആൾട്ടിട്യൂഡിലും ഇതിന് പ്രവർത്തിക്കാനാവും. അതേസമയം ഭാരം മിറാഷിനേക്കാൾ കൂടുതലാണ്. പരമാവധി 24.5 ടൺ. അതുകൊണ്ടു തന്നെ വേഗത താരതമ്യേന കുറവാണ് മാക് 1.8 അഥവാ മണിക്കൂറില്‍ 1,912 കിലോമീറ്റര്‍. എന്നാൽ മിറാഷിനേക്കാൾ റേഞ്ച് കൂടുതലാണ് റാഫാലിന്: 3700 കിലോമീറ്റർ.
എന്നാൽ കൃത്യതയിലും വേഗതയിലും ഇന്ത്യൻ സേനയുടെ വിശ്വാസം നേടിയെടുത്ത മിറാഷ് 2040 വരെ സേനയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത് .
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.