ആര്‍.സി.ഇ.പി കരാറില്‍ ഒപ്പിടരുത്: കോണ്‍ഗ്രസ്
വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാര്‍ രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് .'മേക്ക് ഇന്‍ ഇന്ത്യ' നടപ്പാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ രാജ്യത്തിനു ദ്രോഹമുണ്ടാക്കുന്ന ആര്‍സിഇപി ക്കായി വാദിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പത്ത് ആസിയാന്‍ രാജ്യങ്ങളും ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണ് ആര്‍ സി ഇ പി. കാര്‍ഷിക, വ്യാവസായിക, സേവന, എന്‍ജിനിയറിങ് മേഖലകളിലെല്ലാം ഉത്പന്നങ്ങള്‍ നികുതിയില്ലാതെ പരസ്പരം കയറ്റി അയക്കുന്നതിന് കരാര്‍ വഴിയൊരുക്കും.കര്‍ഷകര്‍ക്കു ദോഷകരവും ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്നതുമായ കരാര്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കരാറിലുള്‍പ്പെട്ട മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് നികുതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യപ്പെടും. നോട്ട് നിരോധനം പോലെ ആത്മഹത്യപരമായ തീരുമാനമാണിതെന്നും സമാന അഭിപ്രായമുള്ള പാര്‍ട്ടികളുമായി സഹകരിച്ച് രാജ്യത്താകമാനം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നവംബര്‍ 5 മുതല്‍ 15 വരെ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇത് മുഖ്യവിഷയമാക്കും.