അന്തര്‍വാഹിനി നിര്‍മ്മാണ കരാര്‍ അദാനിക്ക് ; വിവാദം പുകയുന്നു

നാവികസേനയ്ക്ക് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള 45,000 കോടി രൂപയുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കം വിവാദത്തില്‍. പ്രതിരോധ ചട്ടം മറികടന്നുള്ള നടപടി ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് പുറം കരാര്‍ കിട്ടിയത് കഴിഞ്ഞ വര്‍ഷം വന്‍ വിവാദമായിരുന്നു.

വിദേശ സാങ്കേതിക വിദ്യ സ്വീകരിച്ച് ആറ് അന്തര്‍ വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പദ്ധതിയെ ചൊല്ലിയാണ് പുതിയ വിവാദം.മുന്‍പരിചയമില്ലാത്ത അദാനിക്കു കഴിഞ്ഞ വര്‍ഷം കരാര്‍ ലഭ്യമാക്കാന്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ജൈവീര്‍ ഷെര്‍ഗില്‍ എന്നിവര്‍ കുറ്റപ്പെടുത്തി.കപ്പല്‍ നിര്‍മാണ ശാല ഇല്ലാത്ത അദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഡിഫന്‍സുമായി ചേര്‍ന്നാണ് ടെന്‍ഡര്‍ അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ഏപ്രിലിലാണ് പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. പൊതുമേഖലാ സ്ഥാപനമായ മസഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് , ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡ്, അദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡ് എന്നിവ താല്‍പ്പര്യപത്രം സമര്‍പ്പിച്ചു. അദാനിക്കാണ് കരാര്‍ നല്‍കിയത്. വിവിധ കമ്പനികളടങ്ങുന്ന സംയുക്ത സംരംഭങ്ങള്‍ക്കു കരാര്‍ ലഭിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ പാലിച്ചില്ല.

അന്തര്‍വാഹിനി നിര്‍മാണത്തിലുള്ള മുന്‍പരിചയം, സാമ്പത്തിക സ്രോതസ്സ് എന്നിവയുടെ അടിസ്ഥാനത്തില്‍ കരാര്‍ ലഭിക്കാന്‍ അദാനി യോഗ്യമല്ലെന്ന നാവികസേനാ ഉന്നത സമിതിയുടെ കണ്ടെത്തല്‍ അവഗണിക്കപ്പെട്ടു.ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണു നിര്‍മാണത്തിനുള്ള പ്രത്യേക നിര്‍വഹണ സംവിധാനം അദാനി രൂപീകരിച്ചത്. ഇതിനും മന്ത്രാലയത്തിന്റെ അനുമതി നേടിയില്ല.

ചൈന, പാക്കിസ്ഥാന്‍ ഭീഷണി നേരിടാന്‍ പ്രോജക്ട് 75 ഐ പദ്ധതിയുടെ ഭാഗമായാണ് 6 മിസൈല്‍വേധ അന്തര്‍വാഹിനികള്‍ വികസിപ്പിക്കുന്നത്.
ക്രൂസ് മിസൈല്‍, അത്യാധുനിക ആയുധങ്ങള്‍, കടലിനടിയില്‍ ശത്രു നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന നൂതന സെന്‍സറുകള്‍ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ അന്തര്‍വാഹിനികളാണു സേനയുടെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it