മാന്ദ്യം ഗൗരവതരമെന്നും നീളുമെന്നും ക്രിസില്‍

രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഇതുവരെ കരുതിയിരുന്നതിലേറെ ആഴമുള്ളതും നീണ്ടുനില്‍ക്കുന്നതുമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 5.1 ശതമാനമായി കുറച്ചു. മുന്‍ നിഗമന പ്രകാരം 6.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.

രണ്ടാം പാദത്തിലെ വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന ഔദ്യാഗിക ഡാറ്റ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ക്രിസില്‍ തങ്ങളുടെ നിഗമനം വെട്ടിക്കുറച്ചത്. ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ നിഗമനമായ 4.7 ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ക്രിസില്‍ ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.

വ്യാവസായിക ഉല്‍പ്പാദനം, ചരക്ക് കയറ്റുമതി, ബാങ്ക് നിക്ഷേപം, നികുതി സമാഹരണം, ചരക്ക് നീക്കം, വൈദ്യുതി ഉല്‍പ്പദനം തുടങ്ങിയ പ്രധാന ഹ്രസ്വകാല സൂചകങ്ങളെല്ലാം വളര്‍ച്ചയുടെ വേഗത കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതായി ക്രിസിലിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്ത വളര്‍ച്ച 4.75 ശതമാനമായി കുറഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ വളര്‍ച്ചാ വേഗത്തില്‍ നേരിയ വീണ്ടെടുക്കലിന് സാധ്യതയുണ്ടെന്നു ക്രിസില്‍ വിലയിരുത്തുന്നുണ്ട്. 5.5 ശതമാനം വളര്‍ച്ച ഒക്റ്റോബര്‍-മാര്‍ച്ച് കാലയളവില്‍ ഉണ്ടാകാമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ജിഎസ്ടി, റിയല്‍ എസ്റ്റേറ്റ് നിയന്ത്രണം, പാപ്പരത്വ കോഡ് തുടങ്ങിയ പരിഷ്‌കാരങ്ങളെ ഭാഗികമായി കുറ്റപ്പെടുത്തുന്നുമുണ്ട് ക്രിസില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it