സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന നീക്കം പ്രധാനമന്ത്രിയുടെ ഓഫീസ് തുടരുന്നു:അഭിജിത് ബാനര്‍ജി

'നോട്ട് നിരോധനം, ജിഎസ്ടി, പിഎംഒ ഇടപെടലുകള്‍ ഹാനികരം. സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രമുഖരെ വേട്ടയാടുന്നതു നിക്ഷേപക വികാരത്തെ ബാധിക്കും. സ്ഥാപനങ്ങളുടെ അധികാരം നിലനിര്‍ത്തണം. '

നോട്ട് നിരോധനത്തിനു പുറമേ ജിഎസ്ടി സംവിധാനത്തിലെ അപാകതകളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ അനഭിലഷണീയ നടപടികളും കൂടിച്ചേര്‍ന്നപ്പോള്‍ അടിത്തട്ടിന് ഇളക്കംതട്ടിയ നിലയിലായി ഇന്ത്യന്‍ സമ്പദ് ഘടനയെന്ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. സമ്പദ് വ്യവസ്ഥ അപകടകരമായ ദിശയിലാണ് നീങ്ങുന്നതെന്നും ഉപഭോഗ നിലവാരത്തില്‍ ദൃശ്യമാകുന്ന ഗണ്യമായ ഇടിവ് മാറ്റിയെടുക്കാനുള്ള കുറുക്കുവഴികള്‍ നിലവിലെ സാഹചര്യത്തില്‍ അത്ഭുത ഫലമുളവാക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷമായി കുറഞ്ഞുവരുന്ന ശരാശരി ഉപഭോഗ നിലവാരം ആശങ്കാജനകമാണെന്ന് ബാനര്‍ജി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ശരാശരി പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് 2014 ല്‍ 1567 രൂപയായിരുന്നത് പണപ്പെരുപ്പം കൂടി പരിഗണിക്കുമ്പോള്‍ 2017-18ല്‍ 1,524 രൂപയായി കുറഞ്ഞുവെന്ന് ദേശീയ സാമ്പിള്‍ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നു നഗരപ്രദേശങ്ങളിലെ ശരാശരിയാകട്ടെ് 2014 ല്‍ 2926 രൂപയായിരുന്നത്് 2017-18ല്‍ 2909 രൂപയായി. ഉപഭോഗ നിലവാരത്തിലെ ഈ വ്യക്തമായ ഇടിവ് ഒരു ശരാശരി വ്യക്തി അനുഭവിക്കുന്ന ദാരിദ്ര്യ നിലവാരത്തെ സൂചിപ്പിക്കുന്നുവെന്നു ബാനര്‍ജി ചൂണ്ടിക്കാട്ടി.

ഉദാരവല്‍ക്കരണത്തോടുള്ള പ്രതിരോധം, പ്രാചീന തൊഴില്‍ നിയമങ്ങള്‍, ബാങ്കിംഗുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍, പുരോഗമനപരമല്ലാത്ത വിദ്യാഭ്യാസ മേഖല തുടങ്ങിയ ഘടകങ്ങളാല്‍ നേരത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തടസ്സപ്പെട്ടിരുന്നുവെന്ന് ബാനര്‍ജി വിശദീകരിച്ചു. എന്നാല്‍ പിന്നീട് സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചു. ദാരിദ്ര്യത്തിന്റെ തോത് ഗണ്യമായി താഴ്ന്നുകൊണ്ടിരുന്നു. ദാരിദ്ര്യ നിലവാരം 1990 ല്‍ 40 ശതമാനമായിരുന്നത്് 15 ശതമാനമായി കുറഞ്ഞു. തൊഴിലാളി കുടിയേറ്റവും താരതമ്യേന നിയന്ത്രണങ്ങളേറിയ സമ്പദ്വ്യവസ്ഥയുമാണ് ഇതിനു പ്രധാന കാരണങ്ങളായത്. റിയല്‍ എസ്റ്റേറ്റ് കുതിച്ചുചാട്ടമുള്ള പ്രദേശങ്ങളിലേക്ക് തൊഴില്‍ കയറ്റുമതി വര്‍ദ്ധിച്ചു. സമ്പദ്വ്യവസ്ഥയിലേക്കുള്ള പണത്തിന്റെ ഒഴുക്കു കൂടി.

സാമ്പത്തിക വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വലിയ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാനര്‍ജി വിശദീകരിച്ചു. യുപിഎയുടെ രണ്ടാം മന്ത്രിസഭ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്ഥാപിച്ചു. കൂടാതെ ഭൂമി ഏറ്റെടുക്കല്‍ നിയമവും വിവരാവകാശ നിയമവും നടപ്പാക്കി. നികുതി സംവിധാനം പരിഷ്‌കരിച്ചു. കോടതികളുടെ സ്വയംഭരണം സാധ്യമായി. ഇതെല്ലാം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമായെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ രണ്ടാം ഭരണത്തില്‍ വളരെ വൈകിയാണ് യുപിഎ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്.അതുകൊണ്ടുതന്നെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രയോജനം സ്വന്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

എന്‍ഡിഎ അധികാരം ഏറ്റെടുത്തപ്പോഴാകട്ടെ യുപിഎ ആരംഭിച്ച വികേന്ദ്രീകരണ നയത്തെ മാറ്റിമറിച്ചു. അതുവഴി സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ചരടുവലികള്‍ക്കും ബ്യൂറോക്രാറ്റ് ശൈലിയുടെ ചുവപ്പുനാടകള്‍ക്കും കീഴ്‌പ്പെട്ടു വിഷമിക്കുകയാണു സ്ഥാപനങ്ങള്‍. ഇതോടൊപ്പം
നോട്ട് നിരോധനവും, ജിഎസ്ടി നടപ്പാക്കലും ഉള്‍പ്പെട്ട വികൃത ധനനയം കൂടിയായപ്പോള്‍ സമ്പദ്വ്യവസ്ഥ ദുരവസ്ഥയിലേക്കു നീങ്ങി. സമ്പന്നരെ കാര്യമായി ബാധിച്ചതേയില്ല നോട്ട് നിരോധനം. അതേസമയം, ദരിദ്രരുടെ പരിമിത വരുമാനം തട്ടിമാറ്റപ്പെട്ടത് കടുത്ത പ്രഹരമായി.

തലയെടുപ്പുള്ള വ്യക്തികളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വേട്ടയാടുന്ന പ്രവണത ദോഷകരമാകുമെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍
രാഷ്ട്രീയ പ്രേരണകള്‍ സംശയിക്കപ്പെടുമെന്നതിനാല്‍ നിക്ഷേപകരുടെ വികാരം മന്ദീഭവിക്കും. പൊതുജനങ്ങള്‍ക്ക് മുന്നില്‍ സാമ്പത്തിക കുറ്റം തെളിയിച്ചതിന് ശേഷമാണ് ഇപ്രകാരത്തിലുള്ള നടപടികളുണ്ടാകുന്നതെങ്കില്‍ മാത്രമേ ന്യായീകരണം കണ്ടെത്താനാകൂ. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സുതാര്യമായ രീതിയില്‍ സത്യം പിന്തുടരാനാകണം മാധ്യമങ്ങളെ പ്രേരിപ്പിക്കേണ്ടത്. വിമര്‍ശനങ്ങള്‍ സ്വീകരിക്കുകയെന്നതും പ്രധാനമാണ്.സമ്പദ്വ്യവസ്ഥയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പര്യാപ്തമായ പ്രായോഗിക പദ്ധതിയുള്ളതായി നിക്ഷേപകര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിയണം.അത്ഭുതങ്ങള്‍ സംഭവിക്കുന്നതിനായുള്ള അന്ധമായ കാത്തിരിപ്പിലൂടെ നിക്ഷേപം വര്‍ദ്ധിക്കുമെന്നു കരുതാനാകില്ല- ബാനര്‍ജി പറഞ്ഞു.

വ്യത്യസ്ത സാമ്പത്തിക നയങ്ങള്‍ ദരിദ്രരെ എങ്ങനെ ബാധിക്കുന്നുവെന്നതിനെപ്പറ്റി ഇന്ത്യയിലുള്‍പ്പെടെ വ്യാപക ഗവേഷണം നടത്തിയവരാണ് അഭിജിത് ബാനര്‍ജിയും, സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കിട്ട ഫ്രാന്‍സ് സ്വദേശിയായ ഭാര്യ എസ്തര്‍ ഡഫ്‌ലോയും. ദാരിദ്ര്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിനു രൂപപ്പെടുത്തിയ അബ്ദുള്‍ ലത്തീഫ് ജമീല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ 240 ലധികം വിദഗ്ധരുടെ സഹായത്തോടെ 40 രാജ്യങ്ങളിലാണ് ചിട്ടയായതും ശാസ്ത്രീയവുമായ പഠനം അവര്‍ നടത്തിയത്.ബാനര്‍ജിക്കും ഡഫ്ലോയ്ക്കുമൊപ്പം പുരസ്‌കാരാര്‍ഹനായ യുഎസ് സ്വദേശി മൈക്കല്‍ ക്രെമറും ഇതേ ദൗത്യത്തില്‍ ഒപ്പമുണ്ടായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it