ഇവിഎം ക്രമക്കേട്: ആരാണ് 'സൈബർ വിദഗ്ദ്ധൻ' സയീദ് ഷുജ?

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇവിഎം) ക്രമക്കേടു കാട്ടിയാണെന്ന് ആരോപണം ഉന്നയിച്ച ‘സൈബർ വിദഗ്ധൻ’ സയീദ് ഷുജ യഥാർത്ഥത്തിൽ ആരാണ്.

ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷനും ഫോറിൻ പ്രസ് അസോസിയേഷനും ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ യുഎസിൽനിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് ഷുജ പങ്കെടുത്തത്. തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി വോട്ടിങ് യന്ത്രം നിർമിക്കുന്ന ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ (ECIL) യിൽ 2009-2014ൽ താൻ ജോലി ചെയ്തിരുന്നുവെന്നാണ് ഷുജ അവകാശപ്പെട്ടത്. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നും ഷൂജ പറഞ്ഞിരുന്നു.

രഹസ്യം തനിക്കറിയാവുന്നതിനാൽ സഹപ്രവർത്തകരുടെ പോലെ താനും കൊല്ലപ്പെടുമെന്ന് ഭയന്നാണ് ഷുജ യുഎസിലേക്ക് പോയതെന്നാണ് പറയുന്നത്. മുഖം മറച്ചാണ് അദ്ദേഹം കോൺഫറൻസിൽ പങ്കെടുത്തത്.

അതേസമയം ഇപ്പറഞ്ഞ കാലയളവിൽ ഷുജ തങ്ങളുടെ ജീവനക്കാരനായിരുന്നോ എന്ന് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ആരോപണങ്ങൾ

  • ഇവിഎമ്മിൽ ക്രമക്കേട് നടത്താൻ മാർഗങ്ങളുണ്ടോ എന്ന് 2013 ജൂണിലാണ് എന്നോടും ടീമിനോടും ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ആരാഞ്ഞത്. ഞങ്ങളുമായി ചർച്ച നടത്തിയത് ഗോപിനാഥ് മുണ്ടെയാണ്.
  • ഇതുപ്രകാരം പ്രോഗ്രാം ഞങ്ങൾ തയാറാക്കി. 2014 ഏപ്രിൽ 30 ന് ഞങ്ങളുടെ മോഡുലേറ്ററിൽ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ ലഭിച്ചുതുടങ്ങി.
  • അന്നത്തെ മുഖ്യ തിര‍ഞ്ഞെടുപ്പു കമ്മിഷണർ വി.എസ്. സമ്പത്തിന് ക്രമക്കേട് അറിയാമായിരുന്നു.
  • ഗോപിനാഥ് മുണ്ടെയുടേയും ഗൗരി ലങ്കേഷിൻറെയും മരണവുമായി ഇതിന് ബന്ധമുണ്ടെന്ന് ഷുജ പറഞ്ഞു.
  • ബിജെപിയെക്കൂടാതെ എസ്പി, ബിഎസ്‌പി, എഎപി എന്നീ പാർട്ടികളും വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താൻ ഞങ്ങളെ സമീപിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് 'സ്പോൺസർ' ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it